Join News @ Iritty Whats App Group

സിപിഎമ്മിന്റെ ക്ഷണം തള്ളി മുസ്ലിം ലീ​ഗ്, പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ല


സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീ​ഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണ് വിഷയത്തിൽ ലീഗ് നേതൃത്വം തീരുമാനം എടുത്തത്. ശനിയാഴ്ച നേതൃയോഗം ചേരാനിരിക്കെയാണ് ലീഗ് തങ്ങളുടെ തീരുമാനമറിയിച്ചത്. തീരുമാനം യോ​ഗത്തിന് പിന്നാലെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇടി മുഹമ്മദ് ബഷീറിന്റെ ഉൾപ്പെടെയുള്ള നേതാക്കളുടെ അനുകൂല പ്രതികരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നതോടെ ലീ​ഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കൾ, റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളിൽ പ്രകടമായിരുന്നു.

സിപിഐഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ പലസ്തീൻ വിഷയത്തിലൂടെ ലീ​ഗിനെ ഇടതുപക്ഷത്ത് അനുകൂലമാക്കി നിർത്താനുള്ള സിപിഐഎമ്മിന്റെ പ്രതീക്ഷയും അസ്തമിച്ചു.

നവംബര്‍ 11നാണ് സിപിഎം കോഴിക്കോട്ട്‌ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. വ്യക്തമായ നിലപാടില്ലാത്തതിനാൽ കോൺഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിർത്തും.

Post a Comment

Previous Post Next Post
Join Our Whats App Group