Join News @ Iritty Whats App Group

നാല് മാസമായി യജമാനന്‍ വന്നിട്ട്‌, രാമു കാത്തിരിക്കുന്നു ഇപ്പോഴും; കണ്ണൂര്‍ ജനറല്‍ ആശുപത്രിക്ക് മുന്നിലെ കണ്ണീര്‍ കാഴ്‌ച

കണ്ണൂര്‍: കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് കണ്ണും നട്ട് എപ്പോഴും രാമു ഉണ്ടാവും. മോര്‍ച്ചറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാല്‍ തലപ്പൊക്കി നോക്കും എന്നിട്ട് വാലാട്ടി വാതില്‍പ്പടി വരെ ചെല്ലും.
തന്റെ യജമാനന്‍ വരുന്നില്ലെന്ന് കണ്ടാല്‍ വീണ്ടും എവിടെയെങ്കിലും ചുരുചുരുണ്ടുകൂടും.

കഴിഞ്ഞ നാല് മാസമായി ആശുപത്രിയിലെ സ്ഥിരം കാഴ്ചയാണിത്. നായ കാത്തിരിക്കുന്നത് ആരേയാണെന്ന് ആശുപത്രി ജീവനക്കാര്‍ക്കും അറിയില്ല. ഒരു പക്ഷെ മോര്‍ച്ചറിയിലേക്ക് കൊണ്ടു വന്ന യജമാനന്റെ മൃതദേഹം പിന്‍വാതിലിലൂടെ കൊണ്ടു പോയത് നായ അറിഞ്ഞിട്ടുണ്ടാവില്ല. വെയിലും മഴയും തണുപ്പുമൊന്നും രാമുവിന് ഒരു പ്രശ്‌നമല്ല. എത്ര വിശന്നാലും പുറമേയുള്ളവര്‍ കൊണ്ടു കൊടുക്കുന്ന ഭക്ഷണം കഴിക്കില്ല. വിശന്നു വലഞ്ഞാല്‍ മോര്‍ച്ചറി ജീവനക്കാര്‍ കൊടുക്കുന്നതാണ് കഴിക്കുക.

രാമു എന്ന പേരു പോലും ജീവനക്കാര്‍ നല്‍കിയതാണ്. ആള്‍ക്കൂട്ടം കണ്ടാല്‍ രാമു ഓടിച്ചെന്ന് നോക്കും. അക്കൂട്ടത്തില്‍ തന്റെ യജമാനന്‍ ഇല്ലെന്ന് കണ്ടാല്‍ വീണ്ടും മോര്‍ച്ചറി വാതിക്കലേക്ക് ഓടും. മിക്കപ്പോഴും വരാന്തയിലൂടെ അലഞ്ഞു തിരയുന്ന നായയുടെ നടത്തം അവസാനിക്കുക മോര്‍ച്ചറിക്ക് മുന്നിലാകും.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ രാമുവിന്റെ ചിത്രം പതിഞ്ഞതോടെയാണ് ഇവനെ പുറംലോകം ശ്രദ്ധിച്ചു തുടങ്ങിയത്. നായയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ് ഉടമസ്ഥര്‍ രാമുവിനെ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാര്‍.

Post a Comment

Previous Post Next Post
Join Our Whats App Group