Join News @ Iritty Whats App Group

കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമെന്ന് ആക്ഷേപിച്ചു ; ഇഷ്ടമല്ലാത്ത ഭാര്യയെ ശാസ്താംകേട്ട തടാകത്തില്‍ തള്ളയിട്ടു കൊന്നു ; ഭര്‍ത്താവ് എട്ടു വര്‍ഷത്തിന് ശേഷം പിടിയില്‍





കൊല്ലം: ശാസ്താംകോട്ട തടാകത്തില്‍ യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. ശാസ്താംകോട്ട തേവലക്കര പാലക്കല്‍ ബദരിയ മന്‍സിലില്‍ അബ്ദുള്‍ ഷിഹാബിനെ(41)യാണ് കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പുനലൂര്‍ വാളക്കോട് ഷാജഹാന്‍-നസീറ ദമ്പതികളുടെ മകള്‍ ഷജീറ(30)യാണ് കൊല്ലപ്പെട്ടത്. 2015 ജൂണ്‍ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടില്‍ കടവ് ബോട്ട് ജെട്ടിയില്‍ വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയില്‍ ഷജീറയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിനുശേഷം മരിച്ചു. മരിക്കുന്നതു വരെ ഷജീറ അബോധാവസ്ഥയിലായിരുന്നു.

ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷജീറയുടെ ബന്ധുക്കളുടെ പരാതിയില്‍ 2017ല്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിനുള്ളിലാണ് ഷജീറ മരിച്ചത്. ഷജീറയെ ഇഷ്ടമല്ലെന്ന് പറയുകയും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്കു കിട്ടിയതെന്നു പറഞ്ഞു ഷജീറയെ മാനസികമായി അബ്ദുല്‍ ഷിഹാബ് പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഫോണ്‍ ചെയ്യാന്‍ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല. അബ്ദുല്‍ ഷിഹാബിന്റേത് രണ്ടാം വിവാഹമായിരുന്നു. അബ്ദുല്‍ ഷിഹാബിന്റെ പ്രവൃത്തികള്‍ മൂലമാണ് ആദ്യ ഭാര്യ ഇയാളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. സംഭവ ദിവസം വൈകിട്ട് മൂന്നരയോടെ കരിമീന്‍ വാങ്ങാനെന്ന പേരില്‍ ആറ് കിലോമീറ്റര്‍ അകലെ മണ്‍ട്രോതുരുത്തിനടുത്ത് പെരിങ്ങാലത്തേക്ക് ഷജീറയേയും കൂട്ടി ഇയാള്‍ ബൈക്കില്‍ പോവുകയും അവിടെ നിന്ന് കരിമീന്‍ കിട്ടാതെ തിരികെ ആറരയോടെ ജങ്കാറില്‍ കല്ലുംമൂട്ടില്‍ കടവില്‍ തിരികെ എത്തുകയും ചെയ്തു.

വീടിനു സമീപം കരിമീന്‍ കിട്ടുന്ന സ്ഥലങ്ങള്‍ ഉണ്ടായിരിക്കെയാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. തുടര്‍ന്നു തലവേദനയാണെന്നു പറഞ്ഞ് രാത്രി ഏഴര വരെ ഭാര്യയുമായി വെളിച്ചക്കുറവുള്ള കടവില്‍ തുടര്‍ന്നു. തുടര്‍ന്നു ഷജീറയെ ബോട്ട് ജെട്ടിയിലേക്കു നടത്തിച്ചു വെള്ളത്തില്‍ തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നേരിട്ടുള്ള തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം വൈകി. സാഹചര്യ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഒടുവില്‍ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് സി.ഐ. ഷിബു പാപ്പച്ചന്‍, എസ്.ഐമാരായ ആന്‍ഡ്രിക് ഗ്രോമിക്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group