Join News @ Iritty Whats App Group

വര്‍ഷങ്ങളായി പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത് പച്ചക്കള്ളം ; ചൈനീസ് ഭൂപടത്തില്‍ മോദിക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടോയെന്ന് രാഹുല്‍


ന്യൂഡല്‍ഹി: ചൈനയുടെ ഇന്ത്യന്‍ ഭൂമിയിലെ കയ്യേറ്റം സംബന്ധിച്ച് വര്‍ഷങ്ങളായി പ്രധാനമന്ത്രി കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ഗാന്ധി. ചൈന ഇന്ത്യയുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുകയാണെന്ന് ലഡാക്കിന് മുഴുവന്‍ അറിയാമെന്നും പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാപ്പ് വിവാദമായതിലാണ് രാഹുലിന്റെ പ്രതികരണം.

''ലഡാക്കില്‍ ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടമായിട്ടില്ലെന്നാണ് ഇപ്പോഴും പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു നുണയാണ്. ചൈനയുടെ അതിക്രമിച്ചു കടക്കല്‍ ലഡാക്കിന് മുഴുവന്‍ അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന മാപ്പ് വിഷയം ഏറെ ഗൗരവമുള്ളതാണ്. അവര്‍ നമ്മുടെ ഭൂമി എടുത്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയ്ക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടോ? എന്നും ചോദിച്ചു.

അരുണാചല്‍ പ്രദേശിനെയും അക്‌സായി ചിന്‍ വരുന്ന മേഖലകളെയും ഉള്‍പ്പെടുത്തി 2023 ലെ പുതിയ സ്റ്റാന്‍ഡേര്‍ഡ് മാപ്പ് കഴിഞ്ഞ ദിവസം ചൈന പുറത്തിറക്കിയിരുന്നു. ഇതിനെതിരേ ഇന്ത്യ ശക്തമായിട്ടാണ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ നയതന്ത്ര ചാനല്‍ വഴി തങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അരുണാചല്‍ പ്രദേശ് എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിരിക്കും. ഇന്നും ഇന്നലെയും നാളെയും എല്ലാക്കാലത്തേക്കും അങ്ങിനെ തന്നെയായിരിക്കും എന്നും ഇന്ത്യ പറഞ്ഞു. ചൈനയുടെ പ്രകൃതി വിഭവ മന്ത്രാലയമാണ് ഇന്ത്യന്‍ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി 2023 ലെ സ്റ്റാന്‍ഡാര്‍ഡ് മാപ്പ് പുറത്തിറക്കിയത്. ദക്ഷിണ ടിബറ്റ് എന്ന പേരിലാണ് അരുണാചല്‍ പ്രദേശിനെ ചൈന അവരുടെ മാപ്പില്‍ കാണിച്ചിരിക്കുന്നത്.

അതേസമയം ചൈനയെ പ്രതിഷേധം അറിയിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു. തായ്‌വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി ഇന്ത്യ ഒരിക്കലും അംഗീകരിക്കരുതെന്നും ടിബറ്റിലുള്ളവര്‍ക്ക് സ്‌റ്റേപ്പിള്‍ഡ് വിസ അനുവദിക്കണമെന്നും തരൂര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group