Join News @ Iritty Whats App Group

അപ്‌ഡേറ്റുകള്‍ തത്സമയം; വെള്ളപ്പൊക്ക നിരീക്ഷണത്തിനായി കേന്ദ്രം മൊബൈല്‍ ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: വെള്ളപ്പൊക്ക നിരീക്ഷണത്തിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷന്‍. ഫ്ളഡ് വാച്ച് (floodwatch)എന്നാണ് ആപ്ലിക്കേഷന്റെ പേര്. പൊതുജനങ്ങള്‍ക്ക് വെള്ളപ്പൊക്കം സംബന്ധിച്ച തത്സമയ നിര്‍ദ്ദേശങ്ങളും വിവരങ്ങളും നല്‍കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പ്രവചനങ്ങളും ഇവയില്‍ ലഭ്യമാകും.

ഉപഭോക്തൃസൗഹൃദമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പില്‍ ഓഡിയോ ബ്രോഡ്കാസ്റ്റിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ഇവയില്‍ ലഭ്യമാകും. വെള്ളപ്പൊക്കം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്തുടനീളമുള്ള വെള്ളപ്പൊക്ക സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ആപ്പിലൂടെ അറിയാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

വിവിധയിടങ്ങളില്‍ നിന്ന് തത്സമയം അപ്‌ഡേറ്റ് ചെയ്യുന്ന നദിയുടെ ഒഴുക്കിനെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വെള്ളപ്പൊക്ക പ്രവചനം നടത്താന്‍ ഈ ഡേറ്റ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഉപയോക്താക്കളുടെ ഏറ്റവുമടുത്തുള്ള പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ ആപ്പിന്റെ ഹോം പേജില്‍ നിന്ന് തന്നെ ലഭിക്കുന്നാണ്.

ഇന്ററാക്ടീവ് മാപ്പ് ആണ് ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത. മാപ്പിലെ ഒരു സ്റ്റേഷന്‍ തെരഞ്ഞെടുക്കുന്നതിലൂടെ കേന്ദ്ര ജലകമ്മീഷന്റെ പ്രവചനമാണോ വേണ്ടത് അതോ ഫ്‌ളഡ് അഡൈ്വസറി നിര്‍ദ്ദേശമാണോ വേണ്ടതെന്ന് സെലക്ട് ചെയ്യാന്‍ സാധിക്കും. കൂടാതെ സെര്‍ച്ച് ബോക്‌സില്‍ ഒരു സ്റ്റേഷന്റെ പേര് ടൈപ്പ് ചെയ്ത് അവിടുത്തെ സാഹചര്യവും വിലയിരുത്താനും സാധിക്കും.

കൂടാതെ ഓരോ സംസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള വെള്ളപ്പൊക്ക നിര്‍ദ്ദേശങ്ങളും ആപ്പില്‍ ലഭിക്കും. ആപ്പിലെ ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനത്തെയോ സ്റ്റേഷനെയോ തെരഞ്ഞെടുക്കുന്നതിലൂടെ അവിടുത്തെ സാഹചര്യത്തെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

ഫ്‌ളഡ് ആപ്പ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷന്‍ ഖുഷ്വിന്ദര്‍ വൊഹ്‌റ പറഞ്ഞു. ആപ്പിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെള്ളപ്പൊക്കം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ഈ ആപ്പ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി സാറ്റലൈറ്റ് ഡേറ്റ അനലിസ്, മാത്തമാറ്റിക്കല്‍ മോഡലിംഗ്, റിയല്‍ ടൈം മോണിറ്ററിംഗ്, തുടങ്ങിയ സാങ്കേതിക വിദ്യകളും ഫ്‌ളഡ് വാച്ച് ആപ്പില്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള വെള്ളപ്പൊക്ക സാഹചര്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group