Join News @ Iritty Whats App Group

കണ്ണൂർ ട്രെയിൻ തീവയ്പ്പ്; കണ്ണാടി കുത്തിപ്പൊട്ടിച്ചു, മണം പിടിച്ച് പൊലീസ് നായ സമീപത്തെ കുറ്റിക്കാട്ടിലേക്ക്


കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ തീ പിടിച്ച സംഭവത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു. ഫോറൻസിക് പ്രാഥമിക പരിശോധനയിൽ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണൽ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ ട്രെയിനിന് അകത്ത് ആൾ കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ട്രെയിൻ ബോഗിയുടെ ശുചി മുറി തകർത്തു. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റിൽ കല്ല് ഇടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. നിലവിൽ ഫോറൻസിക് പരിശോധന തുടരുകയാണ്. ആസൂത്രിതമായി തീവെച്ചതാണ് എന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. 

അതേസമയം, റെയിൽവേ അമിനിറ്റീസ് കമ്മറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് സ്ഥലം സന്ദർശിക്കുകയാണ്. സംഭവത്തിൽ എൻ ഐ എ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തന്നെയാണ് വീണ്ടും തീപിടിത്തം ഉണ്ടായിട്ടുള്ളത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group