Join News @ Iritty Whats App Group

പേവിഷ പ്രതിരോധ മരുന്നില്ല; ചികിത്സക്കെത്തുന്നവര്‍ വലയുന്നു


തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ പേവിഷബാധക്കെതിരെയുള്ള ആന്റി റാബീസ് സിറം സ്റ്റോക്കില്ലാത്തതിനാല്‍ ചികിത്സക്കെത്തുന്നവര്‍ വലയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയോളമായി സിറം ആശുപത്രിയില്‍ സ്റ്റോക്കില്ല. ഈ മാസം അവസാനം മരുന്ന് എത്തുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. സിറം പരിമിതമായ സ്റ്റോക്ക് മാത്രമേ ആശുപത്രിക്ക് സ്റ്റോക്ക് അനുവദിക്കുന്നുള്ളൂ.

മലയോരങ്ങളില്‍ നിന്നടക്കമുള്ള ആളുകള്‍ ചികിത്സ തേടിയെത്തുന്ന താലൂക്കിലെ പ്രധാന ആതുരാലയമാണിത്. സിറം പുതിയ സ്റ്റോക്കിനായി ആശുപത്രി അധികൃതര്‍ അപേക്ഷ നല്‍കി കാത്തിരിപ്പാണിപ്പോള്‍. നായ, പൂച്ച, കീരി തുടങ്ങിയവയുടെ കടിയേറ്റാല്‍ കുത്തിവെപ്പ് നിര്‍ബന്ധമാണ്. ആക്രമണത്തിനിരയായവരുടെ മുറിവില്‍ കുത്തിവെക്കുന്നതാണ് എ.ആര്‍.എസ്. വേഗത്തില്‍ പ്രതിരോധശേഷി ഈ കുത്തിവെപ്പിലൂടെ കിട്ടും. 

നാലു തവണകളായി നല്‍കുന്ന ഐ.ഡി.ആര്‍.വി (ഇന്‍ട്രാ ഡെര്‍മിനല്‍ റാബി വാക്സിനാണ് മറ്റൊന്ന്. ഇതിന് പ്രതിരോധശേഷി ഉണ്ടാവാന്‍ ഏതാണ്ട് 10 ദിവസം വേണ്ടിവരും. റിസ്ക് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ എ.ആര്‍.എസാണ് നിര്‍ദേശിക്കാറുള്ളത്. 

നായകളേക്കാള്‍ പൂച്ചകളുടെ ആക്രമണമേല്‍ക്കുന്നവരാണ് അടുത്തകാലത്തായി കൂടുതല്‍ ചികിത്സ തേടിയെത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

എ.ആര്‍.എസ് സ്റ്റോക്കില്ലാത്തതിനാല്‍ നായകളുടെയും പൂച്ചകളുടെയും കടിയേറ്റ് ചികിത്സക്കെത്തുന്നവരെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് പറഞ്ഞയക്കുന്നത്. ചിലര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കും പോവുന്നുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ എ.ആര്‍.സി ഇന്‍ജക്ഷന്‍ ഉണ്ട്. എന്നാല്‍, അമിത വില നല്‍കണം.

Post a Comment

Previous Post Next Post
Join Our Whats App Group