Join News @ Iritty Whats App Group

ആറളം ഫാം;മുടങ്ങി കിടക്കുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഫാം തൊഴിലാളികളും ജീവനക്കാരും നടത്തി വരുന്ന സമരം 44 ദിവസം പിന്നിട്ടു,



ഇരിട്ടി: ഫാം എം ഡി യായിരുന്ന ബിമൽ ഘോഷിനു ശേഷം ആറളം ഫാമിൽ എം ഡിയുടെ ചുമതലയിൽ ഉണ്ടായിരുന്ന ഡിസ്ട്രിക് ഡവലപ്‌മെന്റ് കമ്മീഷണർ ഡി.ആർ. മേഖശ്രീയെ ചുമതലയിൽ നിന്നും മാറ്റിയതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ആറളം ഫാം. അതുകൊണ്ടുതന്നെ ആറുമാസമായി മുടങ്ങി കിടക്കുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഫാം തൊഴിലാളികളും ജീവനക്കാരും നടത്തി വരുന്ന സമരം 44 ദിവസം പിന്നിട്ടിട്ടും സമരം അവസാനിപ്പിക്കാനുളള ഒരു നടപടിയും ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. സമരം തുടങ്ങിയതിന് ശേഷം ഫാം എം.ഡിയുടെ നേതൃത്വത്തിൽ പ്രാദേശികമായി ഒരു തവണയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മറ്റൊരു തവണയും നടന്ന ചർച്ചയല്ലതെ പ്രതീക്ഷ നൽകുന്ന ഒരു നീക്കവും ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടായിട്ടില്ല. 
സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനത്തിൽ കാട്ടാനകളെയും കട്ട് മൃഗങ്ങളെയും പേടിച്ച് കൊടും ചൂടിനെ അതിജീവിച്ച് കാട് വെട്ടിയും കശുവണ്ടി ശേഖരിച്ചും മറ്റും തൊഴിൽചെയ്തുവന്ന തൊഴിലാളികളോടാണ് അധികാരികളുടെ ഈ നിസ്സംഗ മനോഭാവം. സമരം നടക്കുന്നതിനിടെ പലതവണ ജില്ലയിൽ എത്തിയ പട്ടിക ജാതി - പട്ടികവർഗി വികസന വകുപ്പ് മന്ത്രിയും തൊഴിൽ മന്ത്രിയുമെല്ലാം ഇവിടുത്തെ പ്രശ്‌നം ചർച്ച ചെയ്യാനും പരിഹാരം നിർദ്ദേശിക്കാനും എത്തുകയോ വിഷയം കണ്ട ഭാവം നടിക്കുകയോ ചെയ്തില്ല. ഇതെല്ലം തൊഴിലാളികൾക്കിടിയിലും അവരുടെ കുടുംബങ്ങൾക്കിടയിലും വൻ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയിലെതടക്കമുള്ള സംയുക്ത തൊഴിലാളിയൂണിയനുകളുടെ നേതൃത്വത്തിൽ ഫാമിലെ 390തോളം വരുന്ന തൊഴിലാളികളും പത്തിലധികം വരുന്ന ജീവനക്കാരുമാണ് സമരത്തിൽ ഉള്ളത്. ആദ്യത്തെ ആഴ്ചകളിൽ ഓഫീസിന്പ മുന്നിൽ പന്തൽ കെട്ടി നടന്ന സമരം ഇപ്പോൾ ഓഫീസ്ണി ഉപരോധമാക്കി മാറ്റിയിരിക്കയാണ്. ഇതോടെ ഓഫീസ് തുറക്കാൻ കഴിയാതെ ഫാമിന്റെ പ്രവർത്തനം പാടേ നിലച്ചിരിക്കുകയാണ്. സമരം നടത്തുന്ന തൊഴിലാളികളിൽ 80 ശതമാനവും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
റേഷൻ കടകളിൽ നിന്നും സൗജന്യ അരി ലഭിക്കുന്നതുകൊണ്ട് മാത്രമാണ് മേഖലയിൽ പട്ടിണി മരണം നടക്കാത്തത്. 
 ആദിവാസികളല്ലാത ജീവനക്കാരുടേയും തൊഴിലാളികളുടേയും കാര്യമാണ് ഏറെ കഷ്ടം. 2022 ഒക്ടോബർ മാസത്തെ വേതനമാണ് തൊഴിലാളികൾക്കും ജീവനക്കാർക്കും അവസാനമായി ലഭിച്ചത്. തുടർന്നുള്ള മാസങ്ങളിൽ ഒരു രൂപപോലും ലഭിക്കാതെയാണ് തൊഴിലെടുക്കുന്നത്. മുപ്പതും നാല്പതും വർഷമായി ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികൾ ഫാമിലുണ്ട്. വി ആർ എസ് തരികയാണെങ്കിൽ തങ്ങൾ ഈ തൊഴിൽ ഒഴിവാക്കി മറ്റ് വല്ല ജോലിയും ചെയ്‌തു ജീവിക്കാൻ തയാറാണെന്ന് ഇവർ പറയുന്നു.   

വേതനം തരാതെ ഫാം അധികൃതരും സർക്കാരും തങ്ങളെ പട്ടിണിക്കിടുന്നതിന് കാരണം തങ്ങളല്ലെന്നും ഫാം തുടങ്ങിയത് മുതൽ എല്ലുമുറിയെ പണിയെടുത്ത് ഇതിനെ അഭിവൃദ്ധിയിലെത്തിച്ചത് തങ്ങളാണെന്നും തൊഴിലാളികൾ പറയുന്നു. അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയും മൂലം ഉണ്ടായ പ്രതിസന്ധിയാണ് ഇത്. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കാലത്ത് ഫാമിൽ വന്യമൃഗ ശല്യമോ ഒരു മരണം പോലുമോ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അന്ന് ഏഷ്യക്കു് തന്നെ മാതൃകയായിരുന്ന ഫാമിനെ ഈ വിധം നശിപ്പിച്ചത് ഫാം ഭരണാധികാരികളുടെ പിടിപ്പുകേട് ഒന്ന് മാത്രമാണെന്ന് തൊഴിലാളികൾ പറയുന്നു. ആയിരക്കണക്കിന് തെങ്ങുകളും, കവുങ്ങുകളും കശുമാവുകളും തുടങ്ങി ഫാമിന് ധന സമൃദ്ധി നല്കിയിരുന്നതെല്ലാം കാട്ടുമൃഗങ്ങളുടെ കടന്നു കയറ്റത്തോടെ പാടേ നശിച്ചു എന്ന് തൊഴിലാളികൾ പറയുന്നു.  
കശുവണ്ടി ഉദ്‌പാദനം പാടേ കുറഞ്ഞത് ഇക്കുറി ഫാമിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒരു പരിധിവരെ ഫാമിലെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത് കശുവണ്ടിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു. 300 ടൺ ഓളം വിളവു ലഭിക്കേണ്ട കൃഷിയിടം ഫാമിനുണ്ടെങ്കിലും കാട്ടാന ശല്യവും കാലാവസ്ഥയിലെ വ്യാതിയാനവും മൂലം ഉത്പ്പാദനം മൂന്നിലൊന്നായി ചുരുങ്ങി. ഫാമിലേത് ഗുണനിലവാരം കൂടിയ ഇനമായതിനാൽ കശുവണ്ടി വികസന കോർപ്പറേഷനും കാപെക്‌സും മുൻകൂർ പണം നൽകിയും ഫാമിലെ അണ്ടി സംഭരിക്കാൻ തെയ്യാറായിരുന്നു. ഇക്കുറി 50 ലക്ഷം രൂപ മുൻകൂറായി അനുവദിച്ചിരുന്നെങ്കിലും അതിന് പോലും ഉത്പ്പാദനം തികയാത്ത അവസ്ഥയാണ്. മികച്ച ഉത്പ്പാദനം തരുന്ന ആയിരത്തിലധികം കശുമാവുകളാണ് കാട്ടാനക്കൂട്ടം കുത്തി വീഴ്ത്തിയത്. ആന പേടി മൂലം അവശേഷിക്കുന്നവയിൽ നിന്നുള്ള ഉത്പ്പാദനം ശരിയായ വിധം ശേഖരിക്കാനും പറ്റുന്നില്ല. ഫാമിന്റെ കൃഷിയിടത്തിൽ 20-ൽ അധികം ആനകളെങ്കിലും ഇപ്പോഴും തമ്പടിച്ചിട്ടുണ്ട്.

ശബളം നൽകാനായി പണം ചോദിച്ചുള്ള അപേക്ഷയുമായി ഇനി ഇങ്ങോട്ട് എത്തേണ്ടെന്ന മറുപടി ധനകാര്യവകുപ്പിൽ നിന്നും ഫാം മാനേജ്‌മെന്റിന് രേഖാമൂലം ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഫാം മാനേജ്‌മെന്റ് നൽകി രണ്ട് അപേക്ഷകളും ധനകാര്യ വകുപ്പ് നിരസിച്ച് തിരിച്ചയച്ചു. തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള പണം ഫാമിൽ നിന്നു തന്നെ കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള പ്രാപ്തി ഫാമിനില്ല. സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഫാമിന്റെ ഭാവിയും തൊഴിലാളികളുടെ നിലനില്പ്പും ഭീഷണിയിലായിരിക്കുകയാണ്.  
  ഇതിനിടയിൽ ശബള വിതരണം സർക്കാർ ഏറ്റെടുക്കണമെന്ന് കാണിച്ച് തൊഴിലാളികൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകുന്നെന്ന പ്രതീക്ഷയിലാണ് അവർ. കേസ് പരിഗണിക്കവെ തൊഴിലാളികൾക്ക് ശബളം നൽകാൻ പറ്റുന്നില്ലെങ്കിൽ ഫാം നടത്തിപ്പ് മറ്റാർക്കെങ്കിലും കൊടുത്തുകൂടെയെന്ന കോടതി വാദത്തിനിടയിൽ വാക്കാൽ പരാമർശിച്ചിരുന്നു. ഇത് പിടിവള്ളിയായിക്കണ്ട് ഫാമിനെ മറ്റൊരു ഏജൻസിക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ഗൂഢാലോചന ഉന്നത തലങ്ങളിൽ നിന്നും ഉണ്ടായതിന്റെ പ്രതിഫലനമാണോ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സംശയവും തൊഴിലാളികളിൽ നിന്നുൾപ്പെടെ പലകോണിൽ നിന്നും ഉണ്ടാകുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group