Join News @ Iritty Whats App Group

എംഡി കാർഡിയോളജി വിദ്യാർഥിനിയായി നടിച്ച് വിവാഹാലോചന; പണം തട്ടിയ കേസിൽ 41കാരിയും സുഹൃത്തും അറസ്റ്റിൽ


മാവേലിക്കര: വിവാഹവാഗ്ദാനം നൽകി പണം തട്ടിയ കേസിൽ വീട്ടമ്മയും സുഹൃത്തും അറസ്റ്റിലായി. വീട്ടമ്മയുടെ മകൻ ഒളിവിലാണ്. ഒന്നാം പ്രതി കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തിൽ ബിന്ദു (41), മൂന്നാം പ്രതി തൃശൂർ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ് (35) എന്നിവരെയാണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുൻ മോഹൻ ആണ് ഒളിവിൽ പോയത്.

തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കരുനാഗപ്പള്ളി സ്വദേശി നൽകിയ സമാനമായ മറ്റൊരു പരാതിയിൽ ചോദ്യം ചെയ്യുന്നതിനു കൊല്ലം സൈബർ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതനുസരിച്ചു ഇന്നലെ കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതികളെ കുറത്തികാട് എസ്ഐ: ബി. ബൈജുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയിൽ നിന്നു സമാനമായ രീതിയിൽ 10 ലക്ഷം രൂപയും തട്ടിയെടുത്തതായി സൂചനയുണ്ട്. 

സമൂഹമാധ്യമങ്ങളിൽ വിവാഹ പരസ്യം നൽകിയ ശേഷം പരിചയപ്പെടുന്നവരെ കബളിപ്പിച്ച് പണം തട്ടുകയാണ് പ്രതികളുടെ രീതി. എംഡി കാർഡിയോളജി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്. കോഴ്സ് പൂർത്തിയാകുമ്പോൾ വിവാഹം നടത്താമെന്നു ഉറപ്പുനൽകി. പിന്നാലെ പഠനാവശ്യത്തിന് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടിൽ ലഭിച്ചതിനു ശേഷം ബിന്ദു ഫോൺ വിളിക്കാതായി. പിന്നീട് ഫോൺ സ്വിച്ച്ഡ് ഓഫ് ആയതോടെയാണു വാത്തികുളം സ്വദേശി പരാതി നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group