Join News @ Iritty Whats App Group

ആറളത്ത് നടന്ന പക്ഷി സർവ്വേ സമാപിച്ചു

ഇരിട്ടി: ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ മൂന്ന് ദിവസമായി നടത്തി വന്ന വാര്‍ഷിക പക്ഷി കണക്കെടുപ്പ് സമാപിച്ചു. ആറളത്ത് തുടര്‍ച്ചയായി നടക്കുന്ന 22 മത് സര്‍വ്വെയാണ് ഇത്. ഇന്ത്യയില്‍ തന്നെ ആറളത്ത് മാത്രമാണ് തുടര്‍ച്ചയായി ഈ വിധം പക്ഷി സമ്പത്തിനെപ്പറ്റി ശാസ്ത്രീയ നിരീക്ഷണം നടത്തി വരുന്നത്. 
2023 മാര്‍ച്ച് 10, 11, 12 തീയതികളിലായി ആറളം വന്യജീവി സങ്കേതത്തില്‍ വെച്ച് നടന്ന സര്‍വ്വെയുടെ ഉദ്ഘാടനം ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. സന്തോഷ് കുമാർ നിർവഹിച്ചു. സത്യന്‍ മേപ്പയൂര്‍ ( മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി), അദ്ധ്യക്ഷത വഹിച്ചു. സത്യന്‍ മേപ്പയൂര്‍ സര്‍വ്വെ ടീമുകള്‍ക്ക് ആറളം വന്യജീവി സങ്കേതത്തെ പരിചയപ്പെടുത്തുകയും, ഡോ. റോഷ്നാഥ് രമേശ് (സെന്റർ ഫോർ വൈൽഡ്‌ലൈഫ് സ്റ്റഡീസ് ) സര്‍വ്വെ രീതിശാസ്ത്രം വിവരിക്കുകയും ചെയ്തു. ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ . പി പ്രസാദ് സ്വാഗതവും, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. രാജു നന്ദിയും പറഞ്ഞു. കേരളത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം പക്ഷി നിരീക്ഷകര്‍ സര്‍വ്വെയില്‍ പങ്കെടുത്തു.

 വന്യജീവി സങ്കേതത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരിനം അടക്കം 161 പക്ഷിജാതികളെ മൂന്ന് ദിവസങ്ങളിലായി നടന്ന സര്‍വ്വെയില്‍ കണ്ടെത്തി. ചെറിയ മീന്‍ പരുന്ത് (Lesser fish eagle) ആണ് പുതുതായി കണ്ടെത്തിയത്. ഇതോടെ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ മൊത്തം പക്ഷികളുടെ എണ്ണം 241 ആയെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. സന്തോഷ് കുമാര്‍ അറിയിച്ചു. കൂടാതെ 7 വര്‍ഷങ്ങള്‍ക്ക് ശേഷം ബാണാസുര ചിലപ്പനെയും (Banasura laughing thrush) വന്യജീവി സങ്കേതത്തില്‍ കാണുകയുണ്ടായി.

 ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെയും വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സര്‍വ്വെ നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. പ്രസാദിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ അവലോകനത്തില്‍ സത്യന്‍ മേപ്പയൂര്‍, ഡോ. റോഷ്നാഥ് രമേശ് എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വെ ഡാറ്റകള്‍ ഏകോപിപ്പിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം സര്‍വ്വെ അവസാനിച്ചു. ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലെ സ്റ്റാഫുകളും, വാച്ചര്‍മാരും പക്ഷി നിരീക്ഷകര്‍ക്ക് വേണ്ട പിന്തുണ നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group