Join News @ Iritty Whats App Group

നിയമസഭാ തിരഞ്ഞെടുപ്പ് - മാക്കൂട്ടത്ത് കർണ്ണാടക എക്‌സൈസ് ചെക്ക് പോസ്റ്റ് തുറന്നു

ഇരിട്ടി: കർണ്ണാടകത്തിൽ അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള - കർണാടക അതിർത്തിയായ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം എക്‌സൈസ് ചെക്ക് പോസ്റ്റ് തുറന്നു. കോവിഡ് കാലത്ത് കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായി സ്ഥാപിച്ച കണ്ടെയ്‌നർ കൊണ്ട് നിർമ്മിച്ച സംവിധാനമാണ് ചെക്ക്‌പോസ്റ്റായി ഉപയോഗിക്കുന്നത്. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തിൽനിന്ന് മദ്യവും പണവും ഉൾപ്പെടെ എത്തുന്നത് പരിശോധിക്കാനാണ് മാക്കൂട്ടത്ത് എക്‌സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചതെന്നാണ് അധികൃതർ പറയുന്നത്. കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് കടന്നുപോകുന്ന എല്ലാ വാഹനങ്ങളെയും 24 മണിക്കൂറും പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
  നേരത്തെ മാക്കൂട്ടത്ത് എക്‌സൈസ് ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും ചാരായ നിരോധനം നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കാതായതോടെ പെരുമ്പാടിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വർഷങ്ങളോളമായി മാക്കൂട്ടത്ത് ചെക്ക് സംവിധാനം ഉണ്ടായിരുന്നില്ല. ഓണം, പുതുവത്സര ആഘോഷ വേളകളിൽ സംയുക്തമായ പരിശോധനമാത്രമായിരുന്നു അതിർത്തിയിൽ ഉണ്ടായിരുന്നത്. കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള ലഹരി വസ്തുക്കളുടെ കടത്ത് കൂടിയതോടെ അതിർത്തിയിൽ കൂട്ടുപുഴ പാലം കേന്ദ്രീകരിച്ച് കേരള എക്‌സൈസ് സംഘവും പോലീസും പരിശോധന നടത്താറുണ്ടായിരുന്നു.
അതിർത്തിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ കിളിയന്തറയിലാണ് കേരളത്തിന്റെ എക്‌സൈസിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്. കടത്തു സംഘങ്ങൾക്ക് കിളിയന്തറ ചെക്ക് പോസ്റ്റ് വഴി പ്രവേശിക്കാതെ കൂട്ടുപുഴ പഴയ പാലത്തിന് സമീപത്തുകൂടി പേരട്ട , മാട്ടറ, ഉളിക്കൽ വഴി ലഹരി കടത്താനുള്ള സാഹചര്യം ഉണ്ട്. അതുകൊണ്ട് കൂട്ടുപുഴയിൽ എക്‌സൈസിന്റെ സ്ഥിരം പരിശോധ സംവിധാനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടയിലാണ് മാക്കൂട്ടത്ത് കർണ്ണാടക സ്ഥിരം സംവിധാനം ഒരുക്കിയിരിക്കുന്നത്. സബ് ഇൻസ്‌പെക്ടർ എച്ച്. സി. ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്ന് കോൺസ്റ്റബിൾമാർ അടങ്ങുന്ന സംഘമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഡെപ്യൂട്ടി സൂപ്രണ്ട് നടരാജ് ആണ് ചെക്ക് പോസ്റ്റ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
 കേരളത്തിൽ ചരക്ക് ഇറക്കി വരുന്ന വാഹനങ്ങളിൽ വൻതോതിൽ മാലിന്യം കയറ്റി കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിനുള്ളിൽ കൊണ്ട് തള്ളുന്നത് അടുത്തിടെ കൂടിവരുന്നുണ്ട്. നേരത്തെ നിരവധി വാഹനങ്ങൾ പിടികൂടുകയും കേസ്സും പിഴയടപ്പിക്കൽ ഉൾപ്പെടെ നടത്തിയിരുന്നു. വനത്തിനുള്ളിലെ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം കർണ്ണാടക നിയമ സഭയിലും പലതവണ ഉയർന്നിരുന്നു. കേരളത്തിൽ നിന്നും വരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ ചെക്ക് പോസ്റ്റ് സ്ഥാപിച്ചതോടെ കഴിയും.

Post a Comment

Previous Post Next Post
Join Our Whats App Group