Join News @ Iritty Whats App Group

വിവാദങ്ങൾക്കൊടുവിൽ ഇപി ജയരാജൻ ഇന്ന് സിപിഎം ജാഥയിൽ; തൃശ്ശൂരിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും


തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജൻ പങ്കെടുക്കുക. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി പങ്കെടുക്കാത്തത് വിവാദമായിരുന്നു. 

ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 9 മണിക്ക് ചെറുതുരുത്തിയിൽ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നൽകും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാനായി ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല.

റിസോര്‍ട്ട് വിവാദം പാര്‍ട്ടി വേദിയിൽ പരാതിയായതിലും പൊതുസമൂഹമറിയും വിധം വാര്‍ത്തയായതിലും ഇ പി ജയരാജന്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവരം ചോര്‍ത്തുന്നതിന് പിന്നിൽ പോലും ഗൂഢാലോചനയുണ്ടെന്നാണ് ഇപിയുടെ വാദം. പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിലെ പ്രതിഷേധമാണ് എം വി ഗോവിന്ദനോടും ജനകീയ പ്രതിരോധ ജാഥയോടുമുള്ള നിസ്സഹകരണത്തിന് പിന്നിലെന്നായിരുന്നും സൂചനങ്ങള്‍. അവയ്‍ലബില്‍ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഇ പി പക്ഷെ എന്ന് ജാഥയിൽ അണിചേരും എന്ന് വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍, സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഇ പി ജയരാജൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. കേരളം മുഴുവൻ ഒരു പോലെയാണെന്നും, ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂരിലെ പൊതുസമ്മേളനത്തിൽ ഇ പി പങ്കെടുക്കുമെന്ന വിവരം പുറത്ത് വിട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group