Join News @ Iritty Whats App Group

രാജ്യത്തെ നടുക്കി വീണ്ടും നരബലി: കുഞ്ഞുണ്ടാകാന്‍ ഏഴുവയസുകാരിയെ കൊലപ്പെടുത്തി അയല്‍വാസി



കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ടില്‍ജാല ജില്ലയില്‍ ഭീതി വിതച്ച് നരബലി. ഏഴ് വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് അയല്‍വാസി കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ വേണ്ടിയാണ് അലോക് കുമാര്‍ എന്നയാള്‍ കുട്ടിയെ ബലികൊടുത്തത്. ഒരു താന്ത്രികന്റെ നിര്‍ദ്ദേശപ്രകാരമാണ് അലോക് കുമാര്‍ ഈ കൊടും ക്രൂരത ചെയ്തത്. സംഭവത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ പോലീസ് അതേ കെട്ടിടത്തില്‍ നിന്ന് തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലൈംഗികമായി കുട്ടിയെ ഉപദ്രവിച്ചോ എന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഗുരുതരമായ പരുക്കുകളോട് കൂടിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.

ഭാര്യയ്ക്ക് മൂന്നുവട്ടം ഗര്‍ഭഛിദ്രം സംഭവിച്ചതോടെ അലോക് കുമാര്‍ കടുത്ത നിരാശയില്‍ ആയിരുന്നു. ഈ സമയത്താണ് ഇയാള്‍ ഒരു താന്ത്രികന്റെ അടുത്ത് ചെല്ലുന്നത്. കുഞ്ഞുണ്ടാകാനായി നരബലി നടത്തണമെന്ന താന്ത്രികന്റെ വാക്ക് വിശ്വസിച്ച ഇയാള്‍ ഏഴു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബീഹാര്‍ സ്വദേശിയായ അലോക് കുമാര്‍ ഏറെ നാളായി കൊല്‍ക്കത്തയിലാണ് താമസം.

നരബലി നടത്താന്‍ നിര്‍ദ്ദേശിച്ച താന്ത്രികന്‍ ബീഹാറില്‍ നിന്നുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി പോലീസ് സംഘം ഉടന്‍ ബീഹാറിലേക്ക് പോകുന്നുമെന്നാണ് പോലീസ് നല്‍കുന്ന വിവരങ്ങള്‍. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ട് പ്രകോപിതരായ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group