Join News @ Iritty Whats App Group

ഡോ. വി. വേണു ചീഫ് സെക്രട്ടറിയായേക്കും; പോലീസ് മേധാവിയായി കെ. പത്മകുമാറിന് സാധ്യത


തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വിരമിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തില്‍ വന്‍അഴിച്ചുപണി വരുന്നു. ഡോ.വി.പി. ജോയി വിരമിക്കുന്ന ഒഴിവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ചീഫ് സെക്രട്ടറിയാകുമെന്നു സൂചന. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ആഭ്യന്തര സെക്രട്ടറിയായേക്കും.

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജൂണില്‍ വിരമിക്കുന്ന ഒഴിവില്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി: കെ. പത്മകുമാറിനാണു കൂടുതല്‍ സാധ്യത. സീനിയോറിറ്റി മറികടക്കാനാണു രാഷ്ട്രീയതീരുമാനമെങ്കില്‍ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനു നറുക്കുവീഴും.

ഇവര്‍ക്കു പുറമേ നിഥിന്‍ അഗര്‍വാള്‍ (സി.ആര്‍.പി.എഫ്. സ്‌പെഷല്‍ ഡയറക്ടര്‍), ഹരിനാഥ് മിശ്ര, രവാഡ ചന്ദ്രശേഖര്‍ (ഐ.ബി), എസ്.കെ. പട്‌ജോഷി (സെപ്ലെകോ), ടി.കെ. വിനോദ്കുമാര്‍ (ഇന്റലിജന്‍സ്), യോഗേഷ് ഗുപ്ത (ബെവ്‌കോ) എന്നീ പേരുകളും ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനു കത്ത് നല്‍കും. യു.പി.എസ്.സിയുടെ അഞ്ചംഗസമിതി ഇവരില്‍ മൂന്നുപേരെ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാരിനു പട്ടിക കൈമാറും. ഇവരില്‍ ആരെ വേണമെങ്കിലും സര്‍ക്കാരിനു ഡി.ജി.പിയാക്കാം.

സീനിയോറിറ്റിയും സര്‍വീസ് യോഗ്യതയും കണക്കിലെടുത്താല്‍ നിഥിന്‍ അഗര്‍വാള്‍, കെ. പത്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്കാണു മുന്‍ഗണന. മൂവരും സര്‍ക്കാരിന് അഭിമതരുമാണ്.

സംസ്ഥാന പോലീസ് മേധാവിയായി പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ നിഥിന്‍ അഗര്‍വാള്‍ ബി.എസ്.എഫ്. ഉള്‍പ്പെടെ കേന്ദ്രസേനകളില്‍ ഒന്നിന്റെ തലവനായി നിയമിക്കപ്പെട്ടേക്കും. രവാഡ ചന്ദ്രശേഖറും വിനോദ്കുമാറും സര്‍ക്കാരിനു താത്പര്യമുള്ളവരാണെങ്കിലും സീനിയോറിറ്റിയില്‍ താഴെയാണ്.

തലപ്പത്തെ മാറ്റങ്ങള്‍ക്കനുസൃതമായി മറ്റ് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കും പത്തോളം ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്ഥാനചലനമുണ്ടാകും.

Post a Comment

أحدث أقدم
Join Our Whats App Group