Join News @ Iritty Whats App Group

ബന്ധം പിരിഞ്ഞു, വ്യാജപ്പേരിൽ സൗഹൃദം, പുലര്‍ച്ചെ വീട്ടിൽനിന്ന് വിളിച്ചിറക്കി സംഗീതയുടെ കഴുത്തറുത്തു, കുറ്റപത്രം


തിരുവനന്തപുരം: വര്‍ക്കല സംഗീത കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ഗോപുവിനെതിരെ കൊലക്കുറ്റം ചുമത്തിയ കേസില്‍ എണ്‍പതോളം പേരാണ് സാക്ഷി പട്ടികയിലുള്ളത്. വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ച ഗോപു പുലര്‍ച്ചെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ സംഗീതയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു കൊടുംക്രൂരത. പതിനാറുകാരിയായ സംഗീതയെ പുലര്‍ച്ചെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ പ്രതി, തൊട്ടടുത്ത ഇടവഴിയില്‍വച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വ്യാജപ്പേരില്‍ വാട്സ് ആപിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 

സംഗീതയുമായി അടുപ്പത്തിലായിരുന്നു മുമ്പ് ഗോപു. പിന്നീട് സൗഹൃദം ഒഴിഞ്ഞതോടെ പ്രതികാരമായി. അങ്ങനെയാണ് മറ്റൊരു പേരില്‍ സൗഹൃദം സ്ഥാപിച്ചത്. വിശ്വാസം പിടിച്ചുപറ്റിയശേഷം വീട്ടില്‍നിന്ന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലെ പുരയിടത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. കേസില്‍ മറ്റ് പ്രതികളില്ല. എണ്‍പതോളം പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. വര്‍ക്കല പൊലീസാണ് കേസ് അന്വേഷിച്ചത്.

കേസിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ അന്വേഷണസംഘം ആദ്യം ശ്രമിച്ചെങ്കിലും പ്രതിക്കെതിരെ ജനരോഷം ഭയന്ന് പിന്മാറിയിരുന്നു. ഒടുവിൽ കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. യാതൊരു ഭയവും പതർച്ചയുമില്ലാതെ ഗോപു കൊല നടത്തിയ രീതി അന്വേഷണസംഘത്തോട് വിശദീകരിച്ചതടക്കം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. രണ്ട് തവണ കഴുത്തറുത്താണ് കൊന്നതെന്ന് ഗോപു തെളിവെടുപ്പിനിടെ പറഞ്ഞു. അവസാന നിമിഷം വരെ താൻ ഉപദ്രവിക്കുമെന്ന് സംഗീത കരുതിയില്ലെന്നും അന്വേഷണസംഘത്തോട് ഗോപു വിശദീകരിച്ചു

കൊലപാതകത്തിന് ഉപയോഗിച്ച കത്തി പള്ളിക്കലുള്ള കടയിൽ നിന്നും വാങ്ങി നൽകിയത് തൻ്റെ സുഹൃത്തായിരുന്നു എന്നാൽ താൻ കൊലപാതകം നടത്തുന്നതിനെക്കുറിച്ച് സുഹൃത്തിന് അറിവില്ലായിരുന്നു. കൃത്യം നടത്തിയ രാത്രി വർക്കലയിൽ ഉത്സവത്തിനായി പോകുന്നു എന്ന് മാത്രമാണ് സുഹൃത്തിനോട് പറഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് സംഗീതയ്ക്ക് ഗോപു മരണക്കെണിയൊരുക്കിയത്. ഒടുവിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി അർധരാത്രിയിലായിരുന്നു കൊലപാതകം. പള്ളിക്കലുള്ള ഗോപുവിൻറെ വീട്ടിലും പൊലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group