Join News @ Iritty Whats App Group

'സ്ത്രീസുരക്ഷ പ്രസംഗത്തിലേയുള്ളൂ; ഡോക്ടർ കീറിയ 48കാരിയുടെ വയറിൽ നിന്ന് മൂന്നുമാസമായി പഴുപ്പ് ഒഴുകുന്നു'



തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ വിധവയായ സ്ത്രീയുടെ ദുരനുഭവനം നിയമസഭയിൽ തുറന്നുകാട്ടി കെ ബി ഗണേഷ്കുമാർ എംഎൽഎ. ഡിസംബർ 17നാണ് വാഴപ്പാറ ഷീജ മൻസിലിൽ കെ ഷീബയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. മൂന്നുമാസമായിട്ടും ഇവരുടെ വയറിൽ നിന്ന് പഴുപ്പ് പുറത്തേക്ക് ഒഴുകുകയാണെന്ന് ഗണേഷ് കുമാർ സഭയിൽ പറഞ്ഞു.

”സ്ത്രീവിമോചനവും സ്ത്രീ സുരക്ഷയുമൊക്കെ ഇവിടെ പ്രസംഗത്തിലേയുള്ളൂ. ആ സ്ത്രീയുടെ വയറിൽ നിന്ന് ഇപ്പോഴും പഴുപ്പ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഈ സ്ത്രീയിൽ നിന്ന് ജനറൽ സർജറി മേധാവി 2000 രൂപ വാങ്ങി. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തിയാൽ തെളിവുകൾ നൽകാം”- എംഎൽഎ പറഞ്ഞു.

ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരു വർഷത്തിനുള്ളിൽ 7 തവണയാണ് ഓപ്പറേഷൻ നടത്തിയത്. വയർ തുറന്ന അവസ്ഥയിലായതിനാൽ ഉള്ളിലെ അവയവങ്ങൾ വരെ കാണാൻ കഴിയുന്ന രീതിയിലാണ്. കട്ടിലിൽ കിടന്നാണ് ആഹാരം പോലും കഴിക്കുന്നത്. വേദന സഹിക്കാൻ കഴിയുന്നില്ല. പ്രായമായ ഉമ്മയ്ക്കൊപ്പം കഴിയുന്ന ഷീബയെ പ്രദേശവാസികളാണ് സഹായിക്കുന്നത്.

ആർ. സി ശ്രീകുമാർ എന്ന ഡോക്ടർക്കെതിരെയാണ് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ ചികിത്സാരേഖകൾ ഉൾപ്പടെയുള്ള തെളിവുകൾവെച്ച് ആരോപണം ഉന്നയിച്ചത്. സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ ഈ ഡോക്ടർ തയാറായില്ലെന്ന ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. തന്‍റെ മണ്ഡലത്തിലെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച മുൻ സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം എം.എൽഎയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group