Join News @ Iritty Whats App Group

പടച്ചവന്‍റെ മുന്നിൽ കടക്കാരനായി നിൽക്കാൻ വയ്യ'; 15 വർഷത്തിനുശേഷം മലയാളിയുടെ ശമ്പള കുടിശിക നല്‍കി തൊഴിലുടമ


ആലപ്പുഴ: താൻ പോലും മറന്നുപോയ ശമ്പള കുടിശിക സൗദിയിലെ തൊഴിലുടമയിൽനിന്ന്​ 15 വർഷത്തിനുശേഷം അയച്ചുകിട്ടിയ അമ്പരപ്പിലാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയിൽ വിനോദുള്ളത്. സൗദിയിൽ വിനോദി​ന്റെ തൊഴിലുടമയായിരുന്ന മുഹമ്മദ്​ റമദാൻ ആണ്​ ത​ന്റെ തൊഴിലാളിയുടെ അർഹമായ പണം കാലങ്ങളേറെ കഴിഞ്ഞിട്ടും മറക്കാതെ അയച്ചുകൊടുത്തത്​​. 2004 ലാണ്​ വിനോദ്​ ഡ്രൈവർ വിസയിൽ റമദാ​ന്റെ കീഴിൽ ജോലിക്കെത്തിയത്​. അഞ്ച്​ തൊഴിലാളികളാണ്​ മൊത്തം ഉണ്ടായിരുന്നത്​. ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട്​ പോയെങ്കിലും 2006 ആയതോടെ ശമ്പളം ഇടക്കിടക്ക്​ മുടങ്ങിത്തുടങ്ങി. ഇതോടെ തൊഴിലാളികളെല്ലാം ലേബർ കോടതിയിൽ കേസിന്​ പോയി. ​കോടതി തൊഴിലാളികൾക്ക്​ അനുകൂലമായി വിധിച്ചെങ്കിലും അവർക്ക്​ നൽകാൻ തന്‍റെ കൈയ്യിൽ പണമില്ലെന്നായിരുന്നു മുഹമ്മദ്​ റമദാ​ന്റെ നിലപാട്​.

ഇതോടെ മറ്റ്​ നാലുപേരും നാട്ടിലേക്ക്​ മടങ്ങി. എന്നാൽ വിനോദ്​ ത​ന്റെ കേസുമായി മുന്നോട്ട്​ പോയി. ഇതിനൊപ്പം തന്നെ അയൽവാസിയുമായ ഷാജി ആലപ്പുഴയുടെ സഹായത്തോടെ തൊഴിലുടമയുമായി സന്ധി സംഭാഷണത്തിന്​ ശ്രമിക്കുകയും ചെയ്​തു. തന്റെ കൈയ്യിൽ പണമില്ലാത്തത്​ കൊണ്ടാണ്​​ തരാൻ കഴിയാത്തതെന്നും ദയവായി അത്​ മനസ്സിലാക്കണമെന്നും റമദാൻ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ ​ചെറിയ വാഹനം ഓടിക്കാനുള്ള ലൈസൻസ്​ മാത്രമുള്ള വിനോദ്​ ട്രെയിലർ ഓടിച്ചതിനുള്ള കുറ്റത്തിന്​ പലപ്പോഴും ട്രാഫിക്​ വിഭാഗത്തിൽ നിന്ന്​ പിഴയും വന്നിരുന്നു. താൻ പിഴയൊടുക്കിക്കൊള്ളാമെന്ന വാഗ്​ദാനവും തൊഴിലുടമ പാലിച്ചില്ല. ഇതിനിടെയിലാണ് മുഹമ്മദ്​ റമദാന്​ സർക്കാർ സഹായത്തോടെ ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ അവസരം ലഭിച്ചത്. ഇതിനായി കേസ്​ ഒഴിവാക്കിത്തരണമെന്ന്​ ഇയാൾ വിനോദിനോടും ഷാജി ആലപ്പുഴയോടും അഭ്യർഥിച്ചിരുന്നു.

ട്രാഫിക്​ പിഴ സംഖ്യ സഹിതം 12300 റിയാൽ നൽകിയാൽ മാത്രമേ വിനോദിന്​ നാട്ടിൽ വരാന്‍ കഴിയുമായിരുന്നുള്ളൂ. ഗത്യന്തരമില്ലാതെ വിനോദ്​ നാട്ടിൽ നിന്ന്​ ഭാര്യയുടെ ആഭരണം വിറ്റ പൈസയെത്തിച്ചാണ്​ 2008 ൽ നാട്ടിലേക്ക് മടങ്ങിയത്​. വർഷങ്ങൾ കഴിഞ്ഞ്​ പലപ്പോഴും തൊഴിലുടമ ബന്ധപ്പെടുകയും ചെലവായ പൈസ അയച്ചു തരാമെന്ന്​ വിനോദിനോട്​ പറയുകയും ചെയ്​തിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോള്‍ വാഗ്​ദാനം പാലിക്കപ്പെടാത്തതിനാൽ വിനോദ്​ അക്കാര്യം മറന്നു കളയുകയും ചെയ്​തിരുന്നു. അങ്ങനെയിരിക്കെയാണ്​ കഴിഞ്ഞയാഴ്​ച മധ്യസ്​ഥനായി നിന്ന ഷാജി ആലപ്പുഴയോട്​ ബാങ്ക്​ അക്കൗണ്ട്​ നമ്പർ ചോദിച്ചുകൊണ്ട്​ മുഹമ്മദ്​ റമദാന്റെ സന്ദേശമെത്തുന്നത്​. പലതവണ അക്കൗണ്ട്​ നമ്പർ നേരത്തെ അയച്ചു നൽകിയിട്ടും ഒന്നും സംഭവിക്കാത്തതിനാൽ ഇത്തവണയും പ്രതീക്ഷയൊന്നും കൂടാതെ ഷാജി അക്കൗണ്ട്​ നമ്പർ വീണ്ടും നൽകി.

എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട്​ പി​റ്റേന്ന്​ 12,500 റിയാൽ അക്കൗണ്ടിൽ എത്തി. പിന്നാലെ മുഹമ്മദ്​ റമദാ​ന്റെ ഒരു സന്ദേശവും. ‘ഞാനിപ്പോൾ ചെറിയ തോതിൽ ട്രേഡിങ്​ ബിസിനസ്​​ ചെയ്യുന്നു. പലതവണ പണം അയക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇപ്പോൾ ഒരു കച്ചവടത്തിൽ നിന്ന്​ ലഭിച്ച പണത്തിൽനിന്ന്​ നി​ന്റെകടം വീട്ടുകയാണ്​. എനിക്ക്​ പടച്ചവ​ന്റെ മുന്നിൽ കടക്കാരനായി നിൽക്കാൻ വയ്യ. ’ ഷാജി ഉടൻ തന്നെ വിനോദിനെ ബന്ധപ്പെട്ട്​ പണം കൈമാറുകയായിരുന്നു. നിലവില്‍ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുന്ന വിനോദ്​ കർണാടകയില്‍ ഓട്ടം പോയ സമയത്താണ്​ സന്തോഷ വാർത്തയെത്തിയത്​. കേസ്​ നടക്കുന്ന സമയത്തും ഷാജി ആലപ്പുഴ മുഹമ്മദ്​ റമദാനുമായി നിലനിർത്തിയ ഊഷ്​മള ബന്ധമാണ്​ തനിക്ക്​ ഈ പണം കിട്ടാൻ കാരണമായതെന്ന്​ വിനോദ്​ വിശദമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group