കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യം കത്തിത്തീരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നു വിലയിരുത്തല്‍. ആകെയുള്ള നൂറേക്കര്‍ സ്ഥലത്തു എഴുപതേക്കറിലാണു മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഇവിടേക്കെല്ലാം തീ പടര്‍ന്നിട്ടുണ്ട്. ഇതില്‍ പത്തേക്കറോളം മാത്രമേ കത്തിതീര്‍ന്നിട്ടുള്ളൂ.
ബാക്കി പൂര്‍ണമായും കത്തിത്തീരാന്‍ ദിവസങ്ങള്‍വേണ്ടി വരും. പലയിടത്തും പത്തുമീറ്ററിലധികം മാലിന്യമലയുണ്ട്. തീയണയ്ക്കല്‍ നടക്കുന്നുണ്ടെങ്കിലും മുകള്‍ഭാഗത്തുമാത്രമാണു തീയണയ്ക്കാനാവുന്നത്. നാളെയോടെ പുക ശമിക്കുമെന്നാണു അധികൃതര്‍ പറയുന്നതെങ്കിലും ഇതിനു സാധ്യത ഇല്ലെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.
മാലിന്യമലയുടെ അടിഭാഗത്തേക്കു തീ വ്യാപിച്ചതിനാല്‍, ഫയര്‍എന്‍ജിനില്‍നിന്നുള്ള വെള്ളമെത്തുന്നില്ല. മാലിന്യമിളക്കിയശേഷം നനയ്ക്കാനാണു ശ്രമമമെങ്കിലും കനത്തചൂടില്‍ തീ വ്യാപിക്കുകയാണ്. മീറ്ററുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന മാലിന്യമല ഇളക്കിമറിക്കാന്‍ ദിവസങ്ങളെടുക്കും.
കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വായുവിന്റെ മലിനീകരണത്തോത് അപകടകരമാംവിധം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് നല്‍കുന്ന കണക്കുകള്‍ പ്രകാരം കൊച്ചി െവെറ്റിലയിലെ വായുവില്‍ െഫെന്‍ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 തോത് 400-നും 500-നും ഇടയില്‍ തന്നെയാണുള്ളത്. ദിവസങ്ങളായി ഇങ്ങനെതുടരുകയാണ്. ഇവ എളുപ്പത്തില്‍ മനുഷ്യന്റെ ശ്വാസകോശത്തിലേക്കു ചെല്ലുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നു.
അന്തരീക്ഷവായു ഗുണനിലവാര സൂചിക കണക്കാക്കുന്നത് പൂജ്യം മുതല്‍ 500 വരെയുള്ള മാനദണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അന്തരീക്ഷ വായു ഗുണനിലവാര സൂചികാ മൂല്യം 50-ല്‍ താഴെ നില്‍ക്കുകയാണെങ്കില്‍ അതു മെച്ചപ്പെട്ട (ഗ്രീന്‍) അവസ്ഥയാണ്. 51 മുതല്‍ 100 വരെയുള്ള മൂല്യത്തെ സ്വീകാര്യം (യെല്ലോ) എന്നാണ് ഔദ്യോഗികമായി പറയുക. എന്നാല്‍, രോഗാവസ്ഥകളുള്ള മനുഷ്യര്‍ക്ക് ഈ വായു അപകടമുണ്ടാക്കും.
കൊച്ചി നഗരത്തില്‍ മാത്രമല്ല, സമീപപ്രദേശങ്ങളിലും ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ ശ്വാസകോശരോഗമുള്ള കുട്ടികളില്‍ പലരും ചുമയും ശ്വാസതടസവും മൂലം ആശുപത്രികളിലെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതു കൂടുമെന്നാണു ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
Post a Comment