Join News @ Iritty Whats App Group

ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം, എവിടെ നിന്നും തിരിച്ചുപോകാം

റിയാദ്: ഉംറ വിസയിൽ എത്തുന്ന വിദേശികളെ രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) അറിയിച്ചു. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും തിരിച്ചും സർവിസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ തീർഥാടകരെ ഏത് വിമാനത്താവളത്തിലും ഇറക്കാനും തിരികെ കൊണ്ടുപോകാനും കമ്പനികൾ ബാധ്യസ്ഥരാണ്. ഇത് പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകും.

നേരത്തെ തീർഥാടകർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ മാത്രമേ ഇറങ്ങാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതിൽ മാറ്റം വരുത്തി പുതിയ തീരുമാനം ഉണ്ടായത് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുമെന്ന് അന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ പല വിമാന കമ്പനികളും ജിദ്ദയും മദീനയും ഒഴികെ സൗദിയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള ഉംറ യാത്രക്കാരെ കൊണ്ടുവരാൻ മടിച്ചിരുന്നു. ഇത്തരത്തിൽ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു.

സൗദി അറേബ്യക്ക് പുറത്തുനിന്നുള്ള ഉംറ തീർഥാടകർക്ക് നിശ്ചിത വിമാനത്താവളങ്ങളില്ലെന്ന് മന്ത്രാലയം നിലപാട് വ്യക്തമാക്കിയെങ്കിലും 'ഗാക'യുടെ സർക്കുലർ ലഭിക്കാത്തതിനാൽ പല വിമാന കമ്പനികളും പുതിയ നിയമം പാലിച്ചിരുന്നില്ല. ഉംറ തീർഥാടകന് രാജ്യത്തെ ഏതെങ്കിലും അന്താരാഷ്ട്രീയമോ പ്രാദേശികമോ ആയ വിമാനത്താവളത്തിലുടെ പ്രവേശിക്കാനും പോകാനും കഴിയുമെന്നും ഈ തീരുമാനം കർശനമായി വിമാന കമ്പനികൾ പാലിക്കണമെന്നും പുതിയ അറിയിപ്പിൽ അതോറിറ്റി വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group