Join News @ Iritty Whats App Group

കോഴിക്കോട് ബാഡ്മിന്‍റൺ കളിക്കിടെ മകൻ മരിച്ചു, വിവരമറിഞ്ഞ് തളർന്നുവീണ അമ്മക്കും ജീവൻ നഷ്ടമായി; കുടുംബത്ത് വേദന


കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയിൽ മരണപ്പെട്ടു. ബാഡ്മിന്‍റൺ കളിയ്ക്കിടെ കുഴഞ്ഞുവീണ് മകനാണ് ആദ്യം മരിച്ചത്. മകൻ മരിച്ച വിവരമറിഞ്ഞ് മാതാവ് നഫീസ തളർന്നുവീണാണ് മരിച്ചത്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയും മകനും മരിച്ചത് ഹൃദയാഘാതം മൂലമാണ് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ

ബാഡ്മിന്‍റൺ കളിയ്ക്കിടെ രാത്രിയാണ് കുഴഞ്ഞുവീണ് മകൻ മരിച്ചത്. മനോവേദനയിൽ മണിക്കൂറുകൾ കഴിയും മുമ്പേ മാതാവും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മരണ വാർത്തയുടെ വേദനയിലാണ് അത്തോളിയിലെ കുടുംബം. അത്തോളി നടുവിലയിൽ പരേതനായ മൊയ്തീന്‍റെ ഭാര്യ നഫീസ (65), മകൻ ശുഹൈബ് (സുബു - 46) എന്നിവരാണ് മരിച്ചത്. ശുഹൈബ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബാഡ്മിന്‍റൺ കളിയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അത്തോളി സഹകരണ ആശു പത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ മാതാവ് നഫീസ വസതിയിൽ തളർന്നു വീണതിനെ തുടർന്ന് ഉടൻ അത്തോളി സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് ഇരുവരുടെയും മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നഫീസ അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ ജീവനക്കാരിയാണ്. പന്തൽ ജോലിക്കാരനാണ് ശുഹൈബ്. നഫീസയുടെ മറ്റു മക്കൾ: ജുനൈസ് (ഓട്ടോറിക്ഷ ഡ്രൈവർ), റുമീസ് (അത്തോളി ഷാഡോ ലൈറ്റ് ആൻഡ് സൗണ്ട്സ് ). മരുമക്കൾ : ഷറീന പൊയിലുങ്കൽ താഴം, ജംഷിദ മാമ്പൊയിൽ. സഹോദരങ്ങൾ : മമ്മു, ഹസ്സൻ, പരേതരായ മറിയം, ഹസ്സൻകോയ, ആയിശയ്, മൊയ്തീൻ. ശുഹൈബ് അവിവാഹിതനാണ്.

Post a Comment

أحدث أقدم
Join Our Whats App Group