Join News @ Iritty Whats App Group

വ്യാപാരി രാജന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ, കൊല നടത്തിയത് മോഷണശ്രമത്തിനിടെ


കോഴിക്കോട് : വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയത് മോഷണ ശ്രമത്തിനിടെയാണെന്നും രാജനെ പ്രതി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നും പൊലീസ് വ്യക്തമാക്കി. രാജനെ കൊലപ്പെടുത്തിയതായി പ്രതി കുറ്റം സമ്മതിച്ചു. തൃശൂർ തിരുത്തള്ളൂർ സ്വദേശിയാണ് പ്രതി മുഹമ്മദ് ഷഫീഖ്. മുമ്പും ഇയാൾ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ഷഫീഖിന് 22 വയസാണ്. സോഷ്യൽ മീഡിയ വഴി ആളുകളെ പരിചയപ്പെട്ട് അവരുമായി സൗഹൃദം കൂടി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി.

രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തൽ. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഡിസംബർ 24ന് രാത്രിയിലാണ് രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. രാത്രിയിൽ രാജനൊപ്പം മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകൻ  പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജൻ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കൾ ഇയാളെ അന്വേഷിച്ച് കടയിൽ എത്തിയത്. ഈ സമയത്ത് കടക്കുള്ളിൽ മരിച്ച നിലയിലായിരുന്നു രാജൻ. രാജന്റെ മുഖത്ത് മർദ്ദനമേറ്റ പാട് ഉണ്ടായിരുന്നു. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വർണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി ഒമ്പത് മണിക്ക് ശേഷം കടയിൽ മറ്റൊരാളെ കണ്ടിരുന്നതായി ദൃക്‌സാക്ഷി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group