മണ്ണഞ്ചേരി: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പഞ്ചായത്ത് 21-ാം വാർഡ് പനക്കൽ മസ്ജിദിന് സമീപം കോഴിപ്പറമ്പിൽ സിയാദ് - സഫീല ദമ്പതികളുടെ മകൾ സഫ്ന സിയാദ് (15) ആണ് മരിച്ചത്. ട്യൂഷൻ സെന്ററിലേക്ക് പോകാനായി റോഡ് മറികടക്കവേയാണ് അപകടം നടന്നത്. എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് സഫ്നയെ ഇടിച്ചിടുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കോമളപുരത്തായിരുന്നു അപകടം. സ്വകാര്യ ബസിലെ യാത്ര കഴിഞ്ഞിറങ്ങി കോമളപുരത്തെ ട്യൂഷൻ ക്ലാസിലേക്ക് പോകുവാൻ റോഡ് മറികടക്കവേ ഈ ബസിനെ മറികടന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി സഫ്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ആലപ്പുഴ നോർത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കലവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ്ന. പ്ലസ് ടു വിദ്യാർത്ഥിയായ സഫീദ് ഏക സഹോദരനാണ്.
Post a Comment