Join News @ Iritty Whats App Group

വീണ്ടും ആളു മാറി പിഎഫ്ഐ ജപ്തി; വയനാട്ടിൽ കണ്ടുകെട്ടിയത് കേരള മുസ്ലീം ജമാഅത്ത് നേതാവിന്റെ ഭൂമിയെന്ന്

വയനാട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യൽ നടപടികളിൽ വീണ്ടും ആളുമാറി. കേരളാ മുസ്ലീം ജമാഅത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റിന്റെ ഭൂമിയാണ് റവന്യൂവകുപ്പ് ആളുമാറി കണ്ടുകെട്ടിയത്. വയനാട് കുട്ടമംഗലം ഉള്ളാട്ട് പറമ്പിൽ യു.പി. അബ്ദുൾ റഹ്മാൻ എന്ന മദ്രസാ അധ്യാപകനാണ് പരാതിയുമായി രംഗത്തുവന്നത്.

കുട്ടമംഗലത്ത് റവന്യൂ വകുപ്പ് അകാരണമായി സ്വത്തുവകകൾ കണ്ടുകെട്ടിയതായി മദ്രസാ അധ്യാപകന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം മുസ്ലീംലീഗ് നേതാവിന്റെ വീട്ടിലും ആളുമാറി ജപ്തിനോട്ടീസ് ഒട്ടിച്ചിരുന്നു.

മലപ്പുറം എടരിക്കോട് അഞ്ചാം വാർഡ് അംഗം ചെട്ടിയാൻതൊടി മുഹമ്മദിന്റെ മകൻ സി.ടി. അഷ്റഫിന്റെ 16 സെൻറ് ഭൂമിയും ഇതിലുള്ള വീടുമാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെ ജപ്തി ചെയ്തത്. അഷ്റഫിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകനായ ചെട്ടിയാൻതൊടി ബീരാന്റെ മകൻ സി.ടി. അഷ്റഫിനെതിരായ നടപടിയാണ് ആളുമാറി മുസ്ലീംലീഗ് പ്രവർത്തകന്റെ വീട്ടിലായത്.

ഇതിനെതിരെ മുസ്ലീംലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. തീവ്രവാദികളെ നേരിടാൻ നിയമപരമായ ഏതു വഴിയും സർക്കാരിനു സ്വീകരിക്കാം എന്നാൽ മുസ്‍ലിം പേരുകാർ ആയതു കൊണ്ടു മാത്രം മറ്റു രാഷ്ട്രീയ പാർട്ടി പ്രവർത്തരെ വേട്ടയാടുന്നത് അനുവദിക്കാനാകില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ജപ്തി ചെയ്യുന്നതിന്റെ പേരില്‍ നിരപരാധികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള പൊലീസിന്‍റെ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group