Join News @ Iritty Whats App Group

ഏപ്രണ്‍ വികസനം; കരിപ്പൂരിലെ ഹജ്ജ് സര്‍വീസ് ആശങ്കയില്‍


കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബലപ്പെടുത്തല്‍ ഈ മാസം 15ന് ആരംഭിക്കാനിരിക്കെ ഇത്തവണയും കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് മുടങ്ങുമെന്ന് ആശങ്ക.

15ന് തുടങ്ങി ആറ് മാസത്തേക്കാണ് റണ്‍വേ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നത്. ഈ കാലയളവില്‍ പകല്‍ സമയങ്ങളില്‍ വിമാന സര്‍വീസുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒഴിവാക്കിയതിനാല്‍ ഹജ്ജ് വിമാന സര്‍വീസുകളെയും ഇത് ബാധിക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.

കരിപ്പൂരില്‍ പ്രതിദിനം 30ഓളം സര്‍വീസുകള്‍ നടക്കുന്നുണ്ട്. ഈ സര്‍വീസുകള്‍ എല്ലാം വൈകുന്നേരം ആറ് മുതല്‍ രാവിലെ പത്ത് മണി വരെ ഉള്ള സമയത്ത് ക്രമീകരിക്കപ്പെടുന്നതോടെ കരിപ്പൂര്‍ ടെര്‍മിനല്‍ യാത്രക്കാരെക്കൊണ്ട് നിബിഡമാകും. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തീകരിക്കുന്നതിന് ഓരോ വിമാനങ്ങളിലും പോകേണ്ട യാത്രക്കാര്‍ മണിക്കൂറുകള്‍ക്ക് മുമ്ബ് തന്നെ വിമാനത്താവളത്തില്‍ എത്തേണ്ടതിനാല്‍ യാത്രക്കാരുടെ തിരക്ക് നിയന്ത്രണാതീതമാകും.

ഈ സമയങ്ങളില്‍ ഹജ്ജ് സര്‍വീസ് കൂടി ഉള്‍പ്പെടുകയാണെങ്കില്‍ കരിപ്പൂരിലെ സാധാരണ സര്‍വീസുകള്‍ക്ക് തന്നെ പ്രയാസം സൃഷ്ടിക്കും. നിലവില്‍ കരിപ്പൂരിലെ ദേശീയ പുറപ്പെടല്‍ ടെര്‍മിനലാണ് ഹജ്ജ് യാത്രക്കാര്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. വിമാന സര്‍വീസുകള്‍ രാത്രിയിലേക്ക് മാറ്റുന്നതോടെ തിരക്കൊഴിവാക്കുന്നതിന് ദേശീയ പുറപ്പെടല്‍ ടെര്‍മിനലിനെ അന്താരാഷ്ട്ര ടെര്‍മിനലാക്കി മാറ്റാനും സാധ്യതയുണ്ട്.

ചാര്‍ട്ടര്‍ വിമാനങ്ങളാണ് ഹജ്ജ് സര്‍വീസിന് ഉപയോഗപ്പെടുത്തുന്നത്. ഓരോ ബാച്ച്‌ ഹാജിമാരും പുറപ്പെടുന്നത് വരെ ഹജ്ജ് വിമാനം മണിക്കൂറുകള്‍ മുമ്ബ് തന്നെ വിമാനത്താവളത്തില്‍ എത്തുന്നുണ്ട്.

മാത്രമല്ല, ഹാജിമാര്‍ക്കുള്ള സംസം വെള്ളം ഹജ്ജ് വിമാനത്തിന്റെ മടക്കയാത്രയിലാണ് കൊണ്ടുവരുന്നത്. ഇത് ഇറക്കി കഴിയുന്നത് വരെ വിമാനം ഏപ്രണില്‍ തന്നെയായിരിക്കും.
കരിപ്പൂരില്‍ ഒരേസമയം ഒമ്ബത് വിമാനങ്ങള്‍ക്ക് നിര്‍ത്തിടാനുള്ള സൗകര്യമേ ഏപ്രണില്‍ ഉള്ളൂ. വലിയ വിമാനങ്ങളാണെങ്കില്‍ ഒരേസമയം ഏഴ് വിമാനങ്ങള്‍ നിര്‍ത്തിയിടാനേ കഴിയൂ. മാത്രമല്ല, നിലവില്‍ ആറ് എയ്‌റോ ബ്രിഡ്ജുകള്‍ മാത്രമാണ് കരിപ്പൂരില്‍ ഉള്ളത്. ഇതും ഹജ്ജ് വിമാന സര്‍വീസിനെ ബാധിക്കുെമന്ന് ആശങ്കയുണ്ട്.

കേരളത്തില്‍ ഇത്തവണ നെടുമ്ബാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഹജ്ജ് യാത്രക്ക് പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ മൂലം കരിപ്പൂരിലെ ഹജ്ജ് സര്‍വീസ് മുടങ്ങുകയാണെങ്കില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഹാജിമാര്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടതായിവരും.

അതേസമയം, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് യാത്ര സുഗമമാകുകയും ചെയ്യും. കഴിഞ്ഞ വര്‍ഷവും വിവിധ കാരണങ്ങള്‍ പറഞ്ഞ് കരിപ്പൂരിന് ഹജ്ജ് സര്‍വീസ് നഷ്ടപ്പെട്ടിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group