Join News @ Iritty Whats App Group

കലോത്സവ സ്വാഗതഗാനത്തിൽ മുസ്ലീം വേഷധാരിയെ ഭീകരനാക്കി; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ശിവൻകുട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടു

കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കലോത്സവ ഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടല്ല. സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണ്.

സ്കൂൾ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗത ഗാനം ഒരു സമിതി സ്ക്രീൻ ചെയ്തിരുന്നു. എന്നാൽ സ്റ്റേജ് ഡ്രസിൽ അല്ലായിരുന്നു സ്‌ക്രീനിംഗ് എന്നാണ് അറിയാൻ കഴിഞ്ഞത്.

കലോത്സവ ഭക്ഷണത്തിന്റെ പേരിൽ ചിലർ വെറുതെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മികച്ച കരിയർ റെക്കോർഡുള്ള പഴയിടം മോഹനൻ നമ്പൂതിരിയെ ക്രൂശിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ ദൗർഭാഗ്യകരമാണ്. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയും ഈ വിഷയത്തിൽ കടിച്ചു തൂങ്ങാൻ നിൽക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട്. ഈ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group