Join News @ Iritty Whats App Group

കോട്ടയത്തെ നഴ്സ് രശ്മിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് രേഖപ്പെടുത്തിയില്ല; എഫ്ഐആറിനെതിരെ കുടുംബം

കോട്ടയം: ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആറിൽ ഗുരുതര വീഴ്ചയെന്ന് രശ്മിയുടെ കുടുംബം. ഛർദിയും വയറിളക്കവും ശ്വാസംമുട്ടലും മൂലം ആരോഗ്യനില വഷളായി മരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഭക്ഷ്യവിഷബാധ മൂലമാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാത്തതിനാൽ രേഖപ്പെടുത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.

മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അണുബാധയ്ക്കു കാരണം ഭക്ഷ്യവിഷബാധ മാത്രമാണോ എന്നറിയാൽ കൂടുതൽ പരിശോധനകൾ നടത്തും. രാസപരിശോധനയ്ക്കായി ശരീരസ്രവങ്ങൾ തിരുവനന്തപുരം റീജിയണൽ ലാബിലേക്ക് അയയ്ക്കും.

അതിനിടെ, ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നല്‍കിയതിന് നഗസരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെൻഡ് ചെയ്തു. നടപടിയെടുക്കുമെന്ന് നഗസരസഭാ അധ്യക്ഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഡിസംബർ 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നായിരുന്നു രശ്മിക്ക് രോഗബാധ. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group