Join News @ Iritty Whats App Group

നോട്ടുനിരോധനം സുപ്രീം കോടതി ശരിവെച്ചു; 'കേന്ദ്ര നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല'

നോട്ടുനിരോധനത്തിൽ കേന്ദ്രത്തിന് ആശ്വാസം. നോട്ടുനിരോധനം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചു. അതേ സമയം, ജസ്റ്റിസ് ബി വി നാഗരത്ന ഭിന്ന വിധി രേഖപ്പെടുത്തി. നിയമനിർമാണത്തിലൂടെയോ ഓർഡിനൻസിലൂടെയോ ആയിരുന്നു നോട്ടുനിരോധനം നടപ്പാക്കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്‌നയുമാണ് വിധിയെഴുതിയത്.

നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് വിധിയില്‍ ജസ്റ്റിസ് ഗവായി വ്യക്തമാക്കി. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് ജഡ്ജിമാര്‍ ഗവായിയുടെ വിധിയോട് യോജിച്ചു.

ഗവായിയുടെ വിധിയില്‍നിന്നും ഭിന്നമായ വിധിയാണ് ബി.വി നാഗരത്‌നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ല, ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ പറയുന്നു.

2016-ലെ നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.

വളരെ സൂക്ഷ്മതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. വ്യാജ കറന്‍സികള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം , നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group