Join News @ Iritty Whats App Group

'ജനാധിപത്യത്തിൽ ഒരാളെ ദൈവത്തെ പോലെ കണ്ടാൽ അത് സേച്ഛാധിപത്യമായി മാറും': ബിജെപിയ്‌ക്കെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ



ന്യൂഡല്‍ഹി: ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യത്തിൽ ഒരു നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ അത് സേച്ഛാധിപത്യമായി മാറുമെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

”ജനാധിപത്യത്തില്‍ ഒരു നേതാവിനെ മാത്രം ദൈവത്തെ പോലെ കാണണമെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയുള്ള ഭരണത്തെ ജനാധിപത്യമെന്ന് വിളിക്കാനാകില്ല. അത് സേച്ഛ്യാധിപത്യമാണ്. ഒരു ഏകാധിപത്യ ഭരണത്തിലേക്കായിരിക്കും അവ നമ്മെ നയിക്കുക. നിങ്ങള്‍ ആലോചിച്ച് നോക്കൂ. നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കുകയും വേണം,” ഖാര്‍ഗെ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് സി -എസ് ടി വിഭാഗത്തിലുള്ളവര്‍ക്കായി കര്‍ണാടകയില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഐക്യബോധമുള്ള ഒരു ജനതയെ അംഗീകരിക്കാതിരിക്കാന്‍ ഒരു നേതാവിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഐക്യബോധത്തോടെ നിങ്ങള്‍ ഒത്തുച്ചേര്‍ന്നാല്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. നിങ്ങളില്‍ ഐക്യബോധം ഇല്ലെങ്കില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം മോദി നിങ്ങളിലും ഉപയോഗിക്കും. എല്ലാ ജനങ്ങളിലും ഈ നയം വ്യാപിക്കും,’ ഖാര്‍ഗെ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയെയും ദാരിദ്രത്തെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഏകദേശം 30 ലക്ഷത്തിലധികം ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് അവയൊന്നും നികത്താത്തത്? അതിന് വേണ്ടി നമുക്ക് ശബ്ദമുയര്‍ത്തണം. ആ മുപ്പത് ലക്ഷം ഒഴിവുകളില്‍ 15 ലക്ഷത്തോളം പോസ്റ്റുകള്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ളതാണെന്നും ഖാര്‍ഗെ പറഞ്ഞു.

എന്നാല്‍ ഈ ഒഴിവുകളൊന്നും നികത്താന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ ബിജെപിയുടെ കള്ളക്കള്ളികള്‍ തിരിച്ചറിയുമെന്നും അതുകൊണ്ടാണ് ഇത്തരം ഒഴിവുകളില്‍ താല്‍ക്കാലിക ജോലിക്കാരെ കുത്തിക്കയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയ്‌ക്കെതിരെയും കര്‍ഷക പ്രശ്‌നങ്ങള്‍ക്കെതിരെയും ജനങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. എന്നിട്ടും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്തുകൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നോട്ട് വരുന്നില്ലെന്നും ഖാര്‍ഗെ ചോദിച്ചു.

പാവങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ജയിലിലടയ്ക്കുന്ന രീതിയാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗുജറാത്തിന്റെ മകനാണ് താനെന്നും തന്നെ വളര്‍ത്തേണ്ട ഉത്തരവാദിത്തം ഗുജറാത്തിലെ ഓരോ ജനങ്ങള്‍ക്കുമുണ്ടെന്നുമാണ് മോദി ഓരോ തെരഞ്ഞെടുപ്പ് വേളയിലും ആ സംസ്ഥാനത്തെ ജനങ്ങളോട് പറയുന്നത്. അതേ രീതിയില്‍ ഞാന്‍ നിങ്ങളോട് പറയുകയാണ്. ഞാന്‍ കര്‍ണ്ണാടകയുടെ പുത്രനാണ്. കന്നഡിക സംസ്‌കാരത്തെ ഉയര്‍ത്താന്‍ നിങ്ങള്‍ എന്നോടൊപ്പം നില്‍ക്കണം,’ ഖാര്‍ഗെ പറഞ്ഞു.

വളരെയധികം പുരോഗമിച്ച നാടാണ് കര്‍ണ്ണാടക. എന്നാല്‍ ബിജെപി ഭരണം കര്‍ണ്ണാടകയെ നശിപ്പിച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന നയമാണ് കര്‍ണ്ണാടകയില്‍ ബിജെപി സ്വീകരിച്ചത് എന്നും ഖാര്‍ഗെ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group