Join News @ Iritty Whats App Group

'മുഖ്യമന്ത്രിക്ക് അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ രാജിവയ്ക്കേണ്ടി വന്നത്; സജി ചെറിയാന്റെ വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിൽ പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ചെറിയാന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അന്ന് രാജി അനിവാര്യമായിരുന്നെന്ന് ഗവർണർ പറഞ്ഞു.

ഇപ്പോൾ സാഹചര്യം എങ്ങനെ മാറിയെന്ന് നോക്കുമെന്ന് ഗവർണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചു എന്നത് മുഖ്യമന്ത്രിയ്ക്ക് കൂടി ബോധ്യപ്പെട്ടിരുന്നെന്നും അതിനാലാണ് മുഖ്യമന്ത്രി തന്നെ രാജി ആവശ്യപ്പെട്ടതെന്നും ഗവർ‌ണർ പറഞ്ഞു.

വിഷയത്തിൽ നിയമ ഉപദേശത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് ഗവർണർ വ്യക്തമാക്കി. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിയുടെ പേര് ഗവർണർക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നാണ് നിയമോപദേശം. അതേസമയം സജി ചെറിയാന്‍റെ കേസിലെ വ്യക്തത ഗവർണർക്ക് ആവശ്യപ്പെടാമെന്നും നിയമോപദേശത്തിലുണ്ട്.

സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group