Join News @ Iritty Whats App Group

കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മീഷ

സ്കൂളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനു നിരോധനം ഏര്‍പ്പെടുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. ചില പ്രത്യേക ആവശ്യങ്ങൾക്ക് രക്ഷിതാക്കളുടെ അറിവോടെ സ്കൂളുകളില്‍   മൊബൈൽ ഫോൺ കൊണ്ടുവരാം. സ്കൂൾ സമയം കഴിയുന്നതുവരെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അധ്യക്ഷൻ കെ.വി.മനോജ് കുമാർ, ബി.ബബിത, റെനി ആന്റണി എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ചിന്‍റെതാണ് നിർദേശം.

കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണം. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം നൽകുന്ന പദ്ധതി വേണം. പിടിച്ചെടുത്ത മൊബൈൽ ഫോൺ വിദ്യാർഥിക്ക് മൂന്ന് ദിവസത്തിനകം തിരികെനൽകാനും  കമ്മീഷന്‍ ഉത്തരവായി.

അധ്യാപകരും വിദ്യാര്‍ഥികളും മൊബൈല്‍ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടുന്നതിനും ലേലംവിളിച്ച് പി.ടി.എ. ഫണ്ടിലേക്ക് മുതല്‍കൂട്ടാമെന്നും 2010-ല്‍ പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും ഇത്തരം സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും കേസില്‍ എതിര്‍ കക്ഷികളായി ഉള്‍പ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group