Join News @ Iritty Whats App Group

ഭാരത് ജോഡോ യാത്രയ്ക്കു പരിസമാപ്തി ; ഔദ്യോഗിക സമാപന സമ്മേളനം ഇന്ന്; 12 പാര്‍ട്ടി നേതാക്കള്‍ സംബന്ധിക്കും


ശ്രീനഗര്‍: സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കാഹളമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ഭാരത് ജോഡോ യാത്രയ്ക്കു വിജയകരമായ പരിസമാപ്തി. ചരിത്രപ്രസിദ്ധമായ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചതോടെയാണ് 145 ദിവസത്തെ പദയാത്ര അവസാനിച്ചത്. യാത്രയുടെ ഔദ്യോഗിക സമാപന സമ്മേളനം ഇന്നു ശ്രീനഗറില്‍ നടക്കും.

സമാപന സമ്മേളനത്തില്‍ 12 രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ സംബന്ധിക്കും. 21 പ്രതിപക്ഷകക്ഷികളെ ക്ഷണിച്ചിരുന്നതാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ടി.ഡി.പി, ബി.എസ്.പി, എസ്.പി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖകക്ഷികള്‍ പങ്കെടുക്കില്ലെന്നാണു വിവരം. ഡി.എം.കെ, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന (ഉദ്ധവ് വിഭാഗം), സി.പി.ഐ, വി.സി.കെ, കേരളാ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജെ.എം.എം, ജെ.ഡി-യു തുടങ്ങിയവയുടെ പ്രതിനിധികളുടെ സാന്നിധ്യം സമാപന സമ്മേളനത്തിലുണ്ടാകും.

കേരളഘടകത്തിന്റെ എതിര്‍പ്പാണ് സി.പി.എം. പങ്കെടുക്കാത്തതിനു പ്രധാന കാരണം. ബി.ജെ.പിയെ എതിര്‍ക്കാന്‍ വിമുഖതയുള്ളതുകൊണ്ടാണു സി.പി.എം. സംബന്ധിക്കാത്തതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ സഖ്യനീക്കത്തെ ഇതു പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്നായിരുന്നു യാത്രയുടെ തുടക്കം. 12 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 3,970 കിലോമീറ്റര്‍ യാത്ര താണ്ടി. തുടര്‍ച്ചയായ രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയവും നേതൃനിരയിലെ കൊഴിഞ്ഞുപോക്കുംമൂലം വലഞ്ഞ കോണ്‍ഗ്രസിനു പുതുജീവന്‍ നല്‍കാന്‍ യാത്രയ്ക്കായെന്നാണു വിലയിരുത്തല്‍. ഭരണപക്ഷത്തിന്റെ പരിഹാസവും പ്രതികൂല കാലാവസ്ഥ, സുരക്ഷാഭീഷണി ഉള്‍പ്പെടെയുള്ള വെല്ലുവിളികളും അതിജീവിച്ചാണ് രാഹുലും സംഘവും ലക്ഷ്യസ്ഥാനത്തെത്തിയത്.

യാത്ര വന്‍ വിജയമായിരുന്നെന്നും ഏറ്റവും മികച്ച ജീവിതാനുഭവമാണു ലഭിച്ചതെന്നും രാഹുല്‍ ഗാന്ധി യാത്രയ്ക്കുശേഷം ശ്രീനഗറില്‍ പറഞ്ഞു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിനെതിരേ സ്‌നേഹത്തിന്റെ സന്ദേശം ജനങ്ങളിലേക്കു പകരാനാണു യാത്രയിലൂടെ ശ്രമിച്ചത്. ഈ യാത്രയുടെ ഫലം കോണ്‍ഗ്രസിനു മാത്രമല്ല, രാജ്യത്തിനാകെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ മണ്ണില്‍ പദമൂന്നിയപ്പോള്‍ വീട്ടിലേക്കു മടങ്ങിയെത്തിയതിനു സമാനമായ അനുഭവമാണുണ്ടായതെന്ന് അലാഹാബാദിലേക്കുള്ള തന്റെ പൂര്‍വികരുടെ കുടിയേറ്റം ഓര്‍മിപ്പിച്ച് രാഹുല്‍ പറഞ്ഞു. കശ്മീരിലെ ഇന്നത്തെ സ്ഥിതിയില്‍ ജനം അതൃപ്തരാണ്. തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും സാധാരണക്കാര്‍ വലയുകയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷസ്വരത്തോടു മാധ്യമങ്ങള്‍ മുഖംതിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സുരക്ഷാഭീഷണി നിലനില്‍ക്കെ ഇന്നലെ ശ്രീനഗറിലെ പാന്താ ചൗക്കില്‍നിന്നായിരുന്നു അവസാനദിവസത്തെ യാത്രയുടെ തുടക്കം. പന്ത്രണ്ടോടെ രാഹുലും പദയാത്രാസംഘവും ലാല്‍ ചൗക്കിലെത്തിയതോടെ ആവേശം ഇരട്ടിയായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കാ ഗാന്ധി വാധ്‌ര ഉള്‍പ്പെടെയുള്ള നേതാക്കളുടെയും അണികളുടെയും സാന്നിധ്യത്തില്‍ ലാല്‍ചൗക്കില്‍ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തതോടെ യാത്രയ്ക്ക് വിജയകരമായ പരിസമാപ്തിയായി.

Post a Comment

أحدث أقدم
Join Our Whats App Group