Join News @ Iritty Whats App Group

ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനൊടുവില്‍; അമ്മയ്ക്കും അമ്മാവനും തുല്യപങ്കെന്ന് കുറ്റപത്രം


തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസ് തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതായിരുന്നു. ജാതകദോഷം മൂലം തന്നെ വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മയുടെ വാദം നുണക്കഥയാണെന്ന് പോലീസ് കുറ്റുപത്രത്തില്‍ പറയുന്നു.

ഷാരോണിന്‍റെയും ഗ്രീഷ്മയുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ഓഡിയോ ഫയലുകളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തലധികം ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം വീണ്ടെടുത്തു. കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്ക് തുല്യപങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകം നടന്ന് 73 ദിവസം പിന്നിടുമ്പോഴാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കുറ്റപത്രം തയാറാകുന്നത്. ഡിവൈഎസ്പി എ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആദ്യം മുതലെ ആരോപിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group