Join News @ Iritty Whats App Group

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്നൊഴുക്ക്; കടത്തുന്നത് പാഴ്സൽ- കൊറിയൽ സർവീസുകൾ വഴി; പരിശോധനകളില്ല

ചെന്നൈ : വിദേശത്തുനിന്ന് രാജ്യത്തേക്കുള്ള മയക്കുമരുന്ന് ഒഴുക്കിന്‍റെ ഒരു പ്രധാന കേന്ദ്രമാണ് ചെന്നൈ. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ആകാശം വഴിയും കടൽ വഴിയും തമിഴ്നാട് തീരത്തെത്തുന്നതെന്നാണ് കണക്കുകൾ. കേരളത്തിൽ പോയവർഷം നടന്ന വൻ രാസ മയക്കുമരുന്ന് വേട്ടകളിൽ മിക്കതിലും ചെന്നൈ ബന്ധം വെളിപ്പെട്ടിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. അതിലേറെയും വരുന്നത് ചെന്നൈയിൽ നിന്നാണ്. 

ഉഗാണ്ടയിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്ന് അഞ്ചരക്കോടിയുടെ മെത്‍ക്വിലോൺ എന്ന മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. രണ്ട് മാസം മുമ്പ് അംഗോളയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് പിടികൂടിയത് 12 കിലോഗ്രാം കൊക്കൈനായിരുന്നു. നിർജീവമായ എൽടിടിഇ ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ തമിഴ്പുലി പശ്ചാത്തലമുള്ള ചിലർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട് തീരം വഴി മയക്കുമരുന്നൊഴുക്കിന്‍റെ പുതിയൊരു ചാൽ തുറന്നുവെന്ന ഇന്‍റലിൻസ് മുന്നറിയിപ്പുമുണ്ട്. ഇങ്ങനെ തമിഴ്നാട് തീരത്ത് പലവഴിയെത്തുന്ന മയക്കുമരുന്ന് ശേഖരത്തിൽ വലിയൊരു പങ്ക് കേരളത്തിലും എത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. 

കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിൽ പൊതുവായി ഉണ്ടായ ഒരു ഘടകം അതിന്‍റെ ഉറവിടത്തിന്‍റെ ചെന്നൈ ബന്ധമാണ്. അങ്കമാലിയിൽ നിന്ന് പിടികൂടിയ 2 കിലോഗ്രാം, കാക്കനാട് നിന്ന് പിടികൂടിയ 1.2 കിലോഗ്രാം വീതം എംഡിഎംഎ. മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നിന്‍റെ മൊത്തക്കച്ചവടക്കാരിൽ ഒരാൾ അടുത്തിടെ ചെന്നൈയിൽ അറസ്റ്റിലായപ്പോഴും വ്യാപാരത്തിന്‍റെ കേരളാ ബന്ധം വെളിവായിരുന്നു. 

കൊറിയർ സർവീസുകളിലൂടെയും സ്വകാര്യ ബസ് സർവീസുകാർ അനധികൃതമായി നടത്തുന്ന പാഴ്സൽ സർവീസിലൂടെയുമാണ് പലപ്പോഴും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. തിരിച്ചറിയൽ രേഖയായി എന്തെങ്കിലുമൊരു വ്യാജ കടലാസ് നൽകിയാൽ മതിയാകുമെന്നതാണ് സ്ഥിതി. അയക്കുന്നയാളുടേയും സ്വീകരിക്കുന്നയാളുടേയും ശരിയായ വിലാസമോ ഫോൺ നമ്പറോ വേണമെന്നില്ല. പാഴ്സൽ സർവീസ് ഓഫീസിൽ പോയി രസീത് കാട്ടിയാൽ പാക്കറ്റ് സുരക്ഷിതമായി കൈപ്പറ്റാം. ദിവസേന ആയിരക്കണക്കിന് പാഴ്സലുകളാണ് ഇത്തരത്തിൽ ഉള്ളടക്കപരിശോധനകൾ ഏതുമില്ലാതെ അനധികൃത സർവീസുകളിലൂടെയും കൊറിയർ വഴിയും അതിർത്തി കടക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group