Join News @ Iritty Whats App Group

ഗർഭിണിയ്ക്ക് എച്ച് ഐ വി; വിവാഹമോചനത്തിനായി ഭർത്താവ് അണുബാധയുള്ള രക്തം കുത്തിവച്ചതായി പരാതി

വിജയവാഡ: വിവാഹമോചനത്തിനായി എച്ച്.ഐ.വി. അണുബാധയുള്ള രക്തം ഭര്‍ത്താവ് കുത്തിവെച്ചതായി യുവതിയുടെ പരാതി. ആന്ധ്രപ്രദേശിലെ വിജയവാഡ തഡേപ്പള്ളി സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ 40-കാരനായ ഭര്‍ത്താവിനെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

എച്ച്.ഐ.വി. ബാധിതയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം ലഭിക്കാനായാണ് നാട്ടുവൈദ്യന്റെ സഹായത്തോടെ ഭര്‍ത്താവ് രക്തം കുത്തിവെച്ചതെന്നാണ് ഗര്‍ഭിണിയായ യുവതിയുടെ ആരോപണം. അടുത്തിടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് നേരത്തെ ഭര്‍ത്താവ് രക്തം കുത്തിവെച്ചതായി ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ഒരു പെണ്‍കുഞ്ഞുള്ള ദമ്പതിമാരുടെ ജീവിതത്തില്‍ 2018 മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന് പറഞ്ഞും നിരന്തരം ഉപദ്രവിച്ചിരുന്നു. മാത്രമല്ല, വിശാഖപട്ടണം സ്വദേശിയായ 21-കാരിയുമായി ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് വിവാഹമോചനത്തിനായി ഭര്‍ത്താവ് നിരന്തരം സമ്മര്‍ദം ചെലുത്തി. ഇതിനുപിന്നാലെയാണ് എച്ച്.ഐ.വി. അണുബാധയുള്ള രക്തം കുത്തിവെച്ചതെന്നും പരാതിയിൽ പറയുന്നു.

അടുത്തിടെ ഭര്‍ത്താവ് തന്നെ ഒരു നാട്ടുവൈദ്യന്റെ അടുത്ത് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെടാനായി വൈദ്യന്‍ ഒരു കുത്തിവെയ്പ്പ് നല്‍കി. ഇതുവഴിയാണ് രക്തം ശരീരത്തില്‍ കുത്തിവെച്ചതെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ താഡപള്ളി പോലീസ് കേസെടുത്ത് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group