Join News @ Iritty Whats App Group

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; ക്രിസ്മസിനു മുമ്പ് തിരികെയത്തുമെന്ന് സൂചന


തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചതിന് പുറത്തു പോയ സിപിഎം നേതാവ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സിപിഎം നീക്കം.

ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. അതേസമയം പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും കോടതി വിധി പറഞ്ഞിട്ടില്ല. ക്രിസ്തുമസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന്‍ തിരികെയെത്തുമാണ് സൂചന.

നിയമപരമായ പ്രശ്നത്തിലല്ല, ധാർമ്മിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സജി ചെറിയാന്റെ രാജിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ‘അതായിരുന്നു അന്നത്തെ പാർട്ടിയുടെ തീരുമാനം. പുതിയ സാഹചര്യത്തിൽ വിഷയം പാർട്ടി പരിശോധിക്കും. ഇതുവരെ പാർട്ടി വിഷയം പരിശോധിച്ചിട്ടില്ല,’ എംവി ഗോവിന്ദൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തിൽ ‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’ എന്നു പരാമർശിച്ച പ്രസംഗമായിരുന്നു വിവാദമാവുകയും സജി ചെറിയാനെ രാജിയിലേക്ക് നയിച്ചതും.

പ്രസംഗത്തിൽ മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി ചെറിയാൻ നടത്തിയത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്.

എന്നാൽ മന്ത്രി സ്ഥാനത്ത് രാജിവെച്ച സജി ചെറിയാന്റെ എംഎൽഎ സ്ഥാനം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

‘കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടന’ എന്ന് സജി ചെറിയാൻ പറഞ്ഞത് ഭരണഘടനയെ അവഹേളിക്കുന്ന രീതിയിൽ മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്നും വിമർശനമാണെന്നുമാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നത്. ഇതു നിലനിൽക്കുന്ന കുറ്റമല്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group