Join News @ Iritty Whats App Group

കാസര്‍കോട് പെരിയ സുബൈദ വധം: ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും

കാസര്‍കോട്: പ്രമാദമായ കാസർകോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറാണ് ഒന്നാം പ്രതി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ ഇന്നലെ കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. ചെക്കിപള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. കാറിലെത്തിയ സംഘം സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.

ചെക്കിപ്പള്ളത്ത് ദർഘാസ് ഭൂമിയിലായിരുന്നു പള്ളിക്കര പാക്കം സ്വദേശിനി സുബൈദ താമസിച്ചിരുന്നത്. 25 വർഷം മുമ്പ് മതം മാറിയാണ് സുബൈദ മുസ്ലീമായത്. പള്ളിക്കരയിലെ മുസ്ലിം കുടുംബങ്ങളിൽ വീട്ടുജോലി ചെയ്താണ് ജീവിച്ചിരുന്നത്. സുബൈദക്ക് സ്വന്തമായി സ്വർണാഭരണങ്ങളും സമ്പാദ്യവുമുണ്ടായിരുന്നു. 

മൃതദേഹം കണ്ടെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയതിനാൽ പള്ളിക്കരയിൽ പോയിരിക്കാമെന്ന് കരുതിയാണ് തൊട്ടടുത്ത വീട്ടുകാർ ശ്രദ്ധിക്കാതിരുന്നത്. സുബൈദയുടെ വീടിന്റെ നൂറുമീറ്റർ അകലെ വാടക ക്വാർട്ടേഴ്‌സും ഏറ്റവുമടുത്ത് രണ്ട് വീടുമാണ് ഉണ്ടായിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group