Join News @ Iritty Whats App Group

ശബരിമലയില്‍ രണ്ടും തരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാനാകില്ല, ഹെലികോപ്റ്റര്‍ യാത്രയും വി ഐ പി ദര്‍ശനവും ‘ പാക്കേജ്’ ആക്കിയ സ്വകാര്യ കമ്പനിക്കെതിരെ ഹൈക്കോടതി


ശബരിമലയില്‍ രണ്ടുതരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാനാകില്ലന്ന് ഹൈക്കോടതി. ഒരു സ്വകാര്യകമ്പനി ഹെലികോപ്റ്ററില്‍ ഭക്തരെ ശബരിമലയിലെത്തിച്ച് ദര്‍ശനം നല്‍കാമെന്നു വാഗ്ദാനം ചെയ്ത വിഷയത്തില്‍ ഇടപെട്ടാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്.

സോപാനത്തിലെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. ഹെലികോപ്റ്റര്‍ വഴി വരുന്നവര്‍ക്ക് വിഐപി ദര്‍ശനവും പ്രത്യേക പരിഗണനയും നല്‍കാനാകില്ല. രണ്ട് തരം തീര്‍ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലില്‍ സജീകരിച്ച ഹെലിപ്പാട് താല്‍ക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ശബരിമലയിലേക്ക് തങ്ങള്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് എന്‍ഹാസ് ഏവിയേഷന്‍സ് സര്‍വ്വീസ് എന്ന സ്വകാര്യ സ്ഥാപനം തങ്ങളുടെ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നും നിലയ്ക്കല്‍ വരെയാണ് സ്വകാര്യ കമ്പനി, ഹെലികോപ്റ്റര്‍ സേവനം വാഗ്ദാനം ചെയ്തത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ നിലക്കലിലെത്തിക്കുന്ന ഭക്തരെ അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയില്‍ കൊണ്ടുപോകുമെന്നും ദര്‍ശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം.

ഇത് ശ്രദ്ധയില്‍ പെട്ടതോടെ കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ പരസ്യം സംബന്ധിച്ച് പത്തനം ജില്ലാ ക്‌ളക്റ്ററില്‍ നിന്നും എസ് പി യില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഹെലി കേരള എന്ന സൈറ്റിലുള്ള പരസ്യം നീക്കം ചെയ്യാനും ഇത് ബന്ധപ്പെട്ട് കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കാനും കമ്പനിയോടും അഭിഭാഷകനോടും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group