Join News @ Iritty Whats App Group

പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി; ഉടമകള്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.

ലൈസന്‍സ് റദ്ദാക്കപ്പെട്ടവരെ ഇക്കാര്യം എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൈവശമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ തിരികെ ഏല്‍പ്പിക്കാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. റദ്ദാക്കപ്പെട്ട ലൈസന്‍സുകളുമായി വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ട്രാഫിക് പട്രോള്‍ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ നടപടിയുണ്ടാകും.

ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള പ്രവാസികളുടെ കാര്യത്തില്‍ നിരന്തര പുനഃപരിശോധന നടത്താന്‍  ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സ് ഉടമകളില്‍ ഭൂരിഭാഗവും പ്രവാസികളായതിനാല്‍  ലൈസന്‍സിന്റെ സാധുതാ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ പറയുന്നു

പ്രവാസികള്‍  വാഹനങ്ങള്‍ സ്വന്തമാക്കുന്നതിലും നിയന്ത്രണം കൊണ്ടുവരാന്‍ ട്രാഫിക് അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ ഇത് നടപ്പാക്കാനാണ് ആലോചന. ഇതിന്റെ ആദ്യഘട്ടമായി ഒന്നിലധികം വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് പ്രവാസികളെ വിലക്കുമെന്നാണ് സൂചന. നേരത്തെ തന്നെ ഇത് സംബന്ധിച്ച തീരുമാനം സുപ്രീം ട്രാഫിക് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അംഗീകാരം നല്‍കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group