Join News @ Iritty Whats App Group

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പെലെയുടെ മകൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടിയ താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.

1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലായിരുന്നു ജനനം. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 1956ൽ പതിനഞ്ചാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് കളി തുടങ്ങിയത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ പെലെ ഒരു ഗോളും സ്വന്തം പേരിനൊപ്പം ചേർത്തു.

1957 ജൂലൈ 7ന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീല്‍ ടീമിലെ അരങ്ങേറ്റം. 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

1958 ല്‍ ലോകകപ്പില്‍ അരങ്ങേറി. കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റായിരുന്നു അത്. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ പെലെ സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തു. 1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.

1971 ജൂലായ് 18ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടാനായ ശേഷമായിരുന്നു വിടവാങ്ങൽ. ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group