Join News @ Iritty Whats App Group

കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം തെരുവിലേക്ക്; ട്രക്കുകള്‍ ആക്രമിച്ചു, മന്ത്രിമാര്‍ സന്ദര്‍ശനം മാറ്റി


മുംബൈ: കർണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധത്തെത്തുടർന്ന് കര്‍ണാടക മഹാരാഷ്ട്ര ബെലഗാവിയിൽ മഹാരാഷ്ട്ര റജിസ്ട്രേഷന്‍ ട്രക്കുകൾ തടഞ്ഞുനിർത്തി കറുത്ത മഷി പുരട്ടുകയും, ചില്ല് എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര അതേ സമയം കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

1960-കളിൽ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയിൽ കന്നഡ ഭൂരിപക്ഷമുള്ള കർണാടകയ്ക്ക് ഈ മറാഠി ഭൂരിപക്ഷ പ്രദേശം തെറ്റായി നൽകിയെന്ന് മഹാരാഷ്ട്ര അവകാശപ്പെട്ടതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്‍റെ കേന്ദ്രബിന്ദുവായിരിക്കുകയാണ് ബെലഗാവി.

കർണാടക അടുത്തിടെ മഹാരാഷ്ട്രയിലെ ചില ഗ്രാമങ്ങളിൽ അവകാശവാദം ഉന്നയിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തിലിരിക്കവെയാണ് ഈ പുതിയ വിവാദം ഉയര്‍ന്നുവരുന്നത്. ഇത് വീണ്ടും രൂക്ഷമാകുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ, പരമ്പരാഗത കർണ്ണാടക പതാകയുമായി നിരവധി പ്രതിഷേധക്കാർ ഗതാഗതം തടയുകയായിരുന്നു. ഒരു ട്രക്കിന്‍റെ ഗ്ലാസ് പ്രതിഷേധക്കാര്‍ തകര്‍ത്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസിനെ വിന്യസിച്ചെങ്കിലും പ്രതിഷേധക്കാർ പോലീസുമായി കയ്യാങ്കളിയാകുകയും, റോഡ് ഉപരോധിക്കുകയുമായിരുന്നു.  

സംഘര്‍ഷത്തിന് ശേഷം പുതിയ വിവാദത്തില്‍ ശക്തമായ പ്രതികരണമാണ് മഹാരാഷ്ട്ര നടത്തിയത്. മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ശംഭുരാജ് ദേശായിയും ബെലഗാവിയിലേക്കുള്ള അവരുടെ നിശ്ചയിച്ച സന്ദർശനം മാറ്റിവച്ചു. 

സന്ദർശനം ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ അതിര്‍ത്തി തര്‍ക്കം സുപ്രീം കോടതിയിലായതിനാൽ മഹാരാഷ്ട്ര പാട്ടീലിനെയും ദേശായിയെയും ഈ പ്രശ്നത്തില്‍ ഇടപെടാനുള്ള മന്ത്രിസഭ ഉപസമിതിയായി നിയമിച്ചിരുന്നു. 

ഒരാഴ്ച മുമ്പ് ബെലഗാവിയിലെ ഒരു കോളേജില്‍ ആഘോഷ പരിപാടിക്കിടെ കന്നഡ പതാക വീശിയ വിദ്യാർത്ഥിയെ മറാഠി വിദ്യാർത്ഥികൾ ആക്രമിച്ചതോടെയാണ് സംഭവം കത്തുന്ന പ്രശ്നമായി മാറിയത്. ബെലഗാവിയിലെ തിലകവാടിയിലെ ഹോസ്റ്റ് കോളേജിലെ അധ്യാപകരും മറ്റ് ജീവനക്കാരും ഇടപെട്ടാണ് സംഘര്‍ഷം അന്ന് ഒഴിവാക്കിയത്. സംഭവത്തില്‍ പോലീസ് പിന്നീട് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം സന്ദര്‍ശനം മാറ്റി വച്ചതില്‍ പ്രതികരിച്ച മഹാരാഷ്ട്ര മന്ത്രി ശംഭുരാജ് ദേശായി, ബി ആർ അംബേദാക്കറുടെ ചരമവാർഷികത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. അതേ സമയം 24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ ശാന്തമായില്ലെങ്കില്‍ നോക്കി നില്‍ക്കില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group