Join News @ Iritty Whats App Group

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം: റവന്യു മന്ത്രി കെ. രാജൻ റിപ്പോർട്ട് ആവശ്യപ്പെട്ടു


പത്തനംതിട്ട: മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജൻ. കല്ലുപ്പാറ സ്വദേശി ബിനു സോമനാണ് ഇന്നലെ മരിച്ചത്. മോക്ഡ്രില്ലിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ച്ചയാണ് യുവാവിന്റ മരണത്തിന് കാരണമെന്നുള്ള ആരോപണം ശക്തമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഇന്നലെ തിരുവല്ല വെണ്ണിക്കുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെയാണ് കല്ലൂപ്പാറ സ്വദേശി ബിനു സോമൻ പുഴയിൽ മുങ്ങിത്താണത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ യുവാവ് മരിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ബിനു സോമനെ രക്ഷപെടുത്താൻ വൈകിയതാണ് മരണത്തിന് കാരണമെന്ന് ബിനുവിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തവർ ആരോപിച്ചു.

പടുതോട് പാലത്തിന് മുകളില്‍ പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബിനു ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിര്‍വശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ.

എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന്‍ യഥാര്‍ഥത്തില്‍ മുങ്ങിത്താണു. വെപ്രാളത്തില്‍ ഇയാള്‍ പലവട്ടം കൈകള്‍ ഉയര്‍ത്തിയെങ്കിലും അഭിനയമാണെന്നാണ് കരയില്‍ നിന്നവര്‍ കരുതിയത്. ലൈഫ് ബോയ് എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു.

അപകടകരമായ പരിശീലന പരിപാടികളിൽ നാട്ടുകാരെ പങ്കെടുപ്പിച്ചതും വിവാദമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് യുവാവിന്റ ജീവൻ നഷ്ടമായതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group