Join News @ Iritty Whats App Group

തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിച്ചു


തിരുവനന്തപുരം: തൊണ്ണൂറാമത് ശിവഗിരി മഹാ തീർത്ഥാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ഉദ്ഘാടനം ചെയ്‌തു. ഗുരു സന്ദേശം ​ലോകത്തിന് മുഴുവൻ മാതൃകയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഗുരു പകർന്നു നൽകിയത്. ഭാരതീയ തത്വചിന്തയാണ് ഗുരുദർശനങ്ങൾക്ക് ആധാരം. ശിവഗിരിയിൽ വീണ്ടും എത്താൻ കഴിഞ്ഞത് സൗഭാഗ്യം. കേരളത്തിലെ പരിപാവനമായ ഭൂമിയാണ് ശിവഗിരി. ഭക്തിയും,തത്വചിന്തയും, സാഹിത്യവുമെല്ലാം സമ്മേളിക്കുന്ന സ്ഥലമാണ് ശിവഗിരിയെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവൻ സാംസ്‌കാരിക ഏകത്വം രാജ്യത്തു നടപ്പിലാക്കിയ വ്യക്തിയാണ്. ഭാരതത്തിലെ ജനങ്ങളെ സ്വാധീനിച്ചു. അദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ട വലിയൊരു സമൂഹം രാജ്യത്തിനു പുറത്തുമുണ്ട്. ഏകത ഭാവം ശിവഗിരിയിൽ കാണാം. അത് ലോകത്തിനുള്ള സന്ദേശമാണ്. മനുഷ്യരെല്ലാവരും തുല്യരാണെന്ന അടിസ്ഥാന തത്വം ആണത്. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന സന്ദേശം മുന്നോട്ടുവച്ചത് ഭാരതമാണ്. എല്ലാവരും തുല്യരാണ് എന്ന സങ്കല്പം നമുക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമൂഹമാറ്റത്തിന് വേണ്ടിയാണ് ഗുരു പ്രവർത്തിച്ചത്. മനുഷ്യനും ദൈവവും ഒന്നാണെന്ന സങ്കൽപം ലളിതമായ ഭാഷയിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു. താനും മോദിയും ആർഎസ്എസുകാരാണ്. അവിടെ ശ്രീനാരായണ ഗുരു നാമം ജപിക്കാറുണ്ട്. ശിവഗിരിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് മഠം ആവശ്യപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. അവശ്യങ്ങൾ നടപ്പാക്കാൻ ഊർജിതമായ ശ്രമം നടത്തും. ശിവഗിരി മഠത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 17 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

വിദേശ -പാർലമെന്ററി കാര്യസഹ മന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായിരുന്നു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ഇന്നലെ വൈകിട്ടോടെ ശിവഗിരിയിൽ എത്തിച്ചേർന്നിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം സർവ വിധ മഹിമയോടെയും നടക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group