Join News @ Iritty Whats App Group

ശബരിമല: തിരക്ക് തുടരുന്നു,മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം പമ്പയിൽ,സൗകര്യങ്ങളില്ലാതെ നിലക്കൽ

 

ശബരിമല: ശബരിമലയിൽ തീ‍ർഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്ന് 82,365 തീർഥാടകർ ആണ് ദർശനത്തിനായി ഓൺലൈൻ ആയി ബുക്ക് ചെയ്തിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ അവലോകന യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ എം ബി രാജേഷ്, എ കെ ശശീന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. തുടർച്ചയായി ശബരിമല പാതയിൽ ഗതാഗത കുരുക്കുണ്ടാകുന്നതടക്കം യോഗത്തിൽ ചർച്ച ചെയ്യും. നിലയ്ക്കലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതികളും ചർച്ചയാകും. ശബരിമലയുമായി ബന്ധപ്പെട്ടുള്ള 32 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പന്പയിലെ മാലിന്യ പരിപാലനവും വിലയിരുത്തും

സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും ഇന്ന് പമ്പയിലും ശബരിമലയിലും സന്ദർശനം നടത്തുന്നുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ ക്രമീകരണങ്ങൾ ഡിജിപി വിലയിരുത്തും. പമ്പയിലെ അവലോകന യോഗത്തിനുശേഷം ആണ് പോലീസ് മേധാവി സന്നിധാനത്തെത്തുക. 

അതേസമയം ശബരിമല തീർഥാടനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിലക്കലിൽ ആവശ്യത്തിന് ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടില്ല . ബേസ് ക്യാമ്പിലെ വാഹന പാർക്കിങ്ങിലടക്കം കരാറുകാരുമായുള്ള തർക്കം തുടരുകയാണ്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലുണ്ടായ വീഴ്ചയാണ് ഭക്തരെ വലയ്ക്കാൻ കാരണമെന്നാണ് പ്രതിപക്ഷ വിമർശനം

കൊവിഡ് നീയന്ത്രണങ്ങൾ നീക്കിയശേഷമുള്ള ആദ്യ തീർഥാടനകാലത്ത് വൻ ഭക്തജന പ്രവാഹമുണ്ടാവുമെന്ന കണക്ക്കൂട്ടലിൽ തന്നെയാണ് ഇക്കൊല്ലാം ഒരുക്കങ്ങളെല്ലാം തുടങ്ങിയത്. എന്നാൽ ആലോചനാ യോഗങ്ങളിൽ തീരുമാനങ്ങളെടുത്ത് പിരിഞ്ഞതല്ലാതെ ഒന്നും നടപ്പിലായിട്ടില്ല. ഒരു ലക്ഷത്തിനടുത്ത് തീർഥാടകർ എത്താൻ തുടങ്ങിയതോടെയാണ് നിലയ്ക്കലിൽ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയത്. പമ്പയിൽ പാർക്കിങ്ങിന് അനുമതി ഇല്ലാത്ത സാഹചര്യത്തിൽ നിലയ്ക്കലിൽ കൂടുതൽ സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ല. 

ഇതിന് ശേഷം അഞ്ച് ദിവസം ആയിട്ടും യാതൊരു പണിയും തുടങ്ങിയിട്ടില്ല. പാർക്കിങ്ങിന്റെ കരാറുകാരന്റെ ഭാഗത്തും നിന്നും ഉണ്ടാകുന്നത് ​ഗുരുതര വീഴ്ചയാണ്. മുൻ കാലങ്ങളിലുള്ളതിന്റെ പകുതി ജീവനക്കരെ പേലും നിയോഗിച്ചിട്ടില്ല. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് അശാസ്ത്രീയമായ പാർക്കിങ്ങിനും കാരണമാകുന്നു. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ബോർഡിന്റെ ആവശ്യം കരാറുകാരനും പാലിച്ചിട്ടില്ല. മൂന്നേകാൽ കോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികൾക്ക് കാരണം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയെന്നാണ് പ്രതിപക്ഷ വിമർശനം

Post a Comment

Previous Post Next Post
Join Our Whats App Group