Join News @ Iritty Whats App Group

ദുരന്തമായി മോക്ഡ്രിൽ, വേദനയായി ബിനു സോമൻ, സംസ്ക്കാരം ഇന്ന്; യുവാവിന്റെ ജീവനെടുത്തത് ജീവനക്കാരുടെ അനാസ്ഥ


പത്തനംതിട്ട : വെണ്ണിക്കുളത്ത് മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്ലൂപ്പാറ പൊതുശ്മശാന്തിലാണ് സംസ്ക്കാരം. മല്ലപ്പള്ളിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് തുരുത്തികാടുള്ള വീട്ടിലെത്തിക്കും. നാട്ടുകാരുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. 

മോക്ക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതര വീഴ്ചയാണ് ഒരു യുവാവിന്റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ ചേർന്ന ആലോചന യോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക്ഡ്രിൽ നടന്നത്. എൻഡിആർഎഫ് ഇടപെട്ട് സ്ഥലംമാറ്റിയ വിവരം ദുരന്തനിവാരണ അതോരിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറെ അറിയിച്ചില്ലെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ബിനു സോമൻ വെള്ളത്തിൽ മുങ്ങി താഴ്ന്നപ്പോൾ രക്ഷപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്സും എൻഡിആർഎഫും തമ്മിലും ഏകോപനമുണ്ടായില്ല. മോക്ഡ്രിൽ പദ്ധതി പ്രകാരം വെള്ളത്തിൽ നിന്ന് മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആ‌ർഎഫും രക്ഷിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം ഫയർഫോഴ്സ് നാല് പേരിൽ മൂന്ന് പേരെ കരയ്ക്കെത്തിച്ചു. നാലാമനെ രക്ഷിക്കേണ്ടത് എൻഡിആർഎഫ് എന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. 

ഈ സമയം ബിനു സോമൻ മണിമലയാറ്റിലെ കയത്തിൽ വീണുകിടക്കുകയായിരുന്നു. നാട്ടുകാർ ബഹളം വെയക്കുന്നത് കണ്ട് എൻഡിആർഎഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനം നടത്താൻ നിർദേശം നൽകിയെങ്കിലും വൈകിയാണ് എൻഡിആർഎഫ് ഉദ്യോഗസ്ഥർ ബോട്ടിറിക്കിയതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. മോക്ക്ഡ്രില്ലിൽ എൻഡിആർഎഫും അഗ്നിശമന സേനയും എന്തൊക്കെയാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് മറ്റ് വകുപ്പുകൾക്കും ധാരണയുണ്ടായിരുന്നില്ല, ചുരുക്കത്തിൽ വളരെ ഗൗരവത്തോടെ ചെയ്യേണ്ട കാര്യം വിവിധ വകുപ്പുകൾ നിസാരവത്കരിച്ചു. 

റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആ‌ർഎഫ്, പൊലിസ് വകുപ്പുകൾ പലതും ചേർന്നാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്. ബുധനാഴ്ച കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ വ്യാഴാഴ്ച രാവിലെയാണ് അമ്പാട്ട്ഭാഗത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി നിശ്ചയിച്ചത്. എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം കളക്ടർക്ക് നൽകിയ വിശദീകരണം.

Post a Comment

Previous Post Next Post
Join Our Whats App Group