Join News @ Iritty Whats App Group

മട്ടന്നൂർ ബസ്‌സ്റ്റാൻഡ് : അനധികൃത പാർക്കിങ്ങിനെതിരേ പോലീസ്



മട്ടന്നൂർ : ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന മട്ടന്നൂർ ബസ്‌സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങിനെതിരേ പോലീസ് നടപടി തുടങ്ങി.ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ തോന്നുംപടി നിർത്തിയിടുന്നത് സ്റ്റാൻഡിലേക്ക് ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. 

മട്ടന്നൂർ എസ്.ഐ. കെ.വി. ഉമേശന്റെ നേതൃത്വത്തിൽ പരിശോധന നടത്തി അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾക്ക് പിഴചുമത്തി. വാഹനങ്ങളുടെ നമ്പറും ഫോട്ടോയും കോടതിയിൽ നൽകിയാണ് പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുക.

മട്ടന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരസഭ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും നടപ്പായിരുന്നില്ല. വിവിധയിടങ്ങളിൽ പാർക്കിങ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടും വാഹനങ്ങൾ പലയിടത്തായി നിർത്തുന്നുണ്ട്.

വിമാനത്താവളം പ്രവർത്തനംതുടങ്ങിയതോടെ മട്ടന്നൂർവഴി പോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിരുന്നു.ബസ്‌സ്റ്റാൻഡിന് പുറമെ റോഡിനിരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഇത് പരിഹരിക്കാനാണ് നഗരസഭ വിവിധ സ്ഥലങ്ങളിൽ 'നോ പാർക്കിങ്ങ്' ബോർഡുകൾ സ്ഥാപിച്ചത്.

ഇരുചക്ര വാഹങ്ങളും കാർ, വാൻ തുടങ്ങിയ വാഹനങ്ങളും മണിക്കൂറോളം നിർത്തിയിടുന്നതായുള്ള പരാതി ഉയർന്നതോടെയാണ് പോലീസ് നടപടി തുടങ്ങിയത്.അതേസമയം നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലസൗകര്യം കുറവാണെന്ന പരാതിയുമുണ്ട്. സ്വകാര്യ സ്ഥലം കൂടി ഉപയോഗപ്പെടുത്തി പാർക്കിങ്ങിന് കൂടുതൽ ഇടങ്ങൾ കണ്ടെത്താൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.


Post a Comment

Previous Post Next Post
Join Our Whats App Group