Join News @ Iritty Whats App Group

രണ്ടാഴ്‌ചയായി ഇരിട്ടി മേഖലയെ വട്ടംചുറ്റിക്കുന്ന കടുവാഭീതികാരണം ആറളം ഫാമിന്റെ കാര്‍ഷികമേഖല സ്‌തംഭിക്കുന്നു



ഇരിട്ടി: രണ്ടാഴ്‌ചയായി ഇരിട്ടി മേഖലയെ വട്ടംചുറ്റിക്കുന്ന കടുവാഭീതികാരണം ആറളം ഫാമിന്റെ കാര്‍ഷികമേഖല സ്‌തംഭിക്കുന്നു.

കാട്ടാനഭീഷണി നേരത്തെ നേരിടുന്ന ഫാമില്‍ കടുവാഭീഷണികൂടിയായതോടെ മൂന്നിലൊരു വിഭാഗം ഫാം തൊഴിലാളികള്‍ മാത്രമേ ജോലിക്കായി ഹാജരാകുന്നുള്ളൂ. കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആറളം ഫാമിലെ അഞ്ചാംബ്‌ളോക്കിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. 
ഇങ്ങോട്ടു തൊഴിലാളികളോ മറ്റുള്ളവരോ കയറരുതെന്ന്‌ വനംവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്‌. നാല്‍പതു തൊഴിലാളികളാണ്‌ ഈ ബ്‌ളോക്കില്‍ ജോലി ചെയ്ുയന്നത്‌. ഇവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ജോലിക്കു വരുന്നുള്ളൂ.റബര്‍ ഒഴികെയുള്ളവയ്‌ക്ക് ദൈനംദിന പരിചരണവും വിളവെടുപ്പും നടക്കുന്ന ബ്‌ളോക്കാണിത്‌. എന്നാല്‍ ആള്‍നാശമൊഴിവാക്കാനാണ്‌ അഞ്ചാം ബ്‌ളോക്കില്‍ വിലക്കേര്‍പ്പെടുത്തിയതെന്നു കണ്ണൂര്‍ ഡിഎഫ്‌ഒ പി കാര്‍ത്തിക്ക്‌ പറഞ്ഞു. ദൈനംദിന ജോലികള്‍ മുടങ്ങാതിരിക്കാന്‍ ഫാമിലെ തൊഴിലാളികള്‍ക്ക്‌ വനം, ദ്രുതകര്‍മ്മ സേന സംരക്ഷണം നല്‍കുമെന്നും അറിയിച്ചു. ഇതു സംബന്ധിച്ചു ഫാം എംഡി ഡി ആര്‍ രേഖശ്രീയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനു ശേഷമാണ്‌ തീരുമാനമെടുത്തത്‌.
മൂന്നു ദിവസം മുന്‍പ്‌ ജനവാസ മേഖലവഴി കൊക്കോട്‌ പുഴകടന്ന്‌ ഫാമിന്റെ രണ്ടാം ബ്ലോക്കിലാണ്‌ കടുവയെത്തിയത്‌. എന്നാല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കൊണ്ടു കടുവ സ്വമേധയാ കര്‍ണാട വന്യജീവി സങ്കേതത്തിലേക്ക്‌ കടക്കുമെന്നായിരുന്നു വനം വകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ ഇതിനു തിരിച്ചടിയേകി കൊണ്ടു കടുവ ഒന്നാം ബ്ലോക്കിലെത്തുകയായിരുന്നു. ഒന്നാം ബ്ലോക്കില്‍ കടുവയുണ്ടെന്നു വ്യക്‌തമായത്‌ അനൂപ്‌ ഗോപാലനെന്ന ഫാമിലെ ചെത്തുതൊഴിലാളി തെങ്ങിന്‍മുകളില്‍ നിന്നെടുത്ത വീഡിയോ ദൃശ്യത്തിലൂടെയാണ്‌.
എന്നാല്‍ പന്നീട്‌ അഞ്ചാം ബ്ലോക്കില്‍ കടുവയെത്തിയെന്നു പറയുന്നുണ്ടെങ്കിലും ആരും ഇതുവരെ കണ്ടിട്ടില്ല. ഇതോടെയാണ്‌ ആറളം ഫാമിലെ പ്രധാനവഴികളും കേന്ദ്രങ്ങളും വനംവകുപ്പ്‌ ബ്ലോക്ക്‌ ചെയ്‌തത്‌. കുറ്റിക്കാടുകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള ആറളം ഫാം പദ്ധതി പ്രദേശത്ത്‌ കടുവയെ കൂടാതെ കാട്ടാനയുമുണ്ട്‌. ഇതുകാരണം നേരിട്ടുള്ള തെരച്ചില്‍ അപ്രായോഗികമാണെന്നാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.
അറ്റക്കൈയ്‌ക്കായി ആറളം ഫാമില്‍ തമ്ബടിച്ച കടുവയെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ഉപയോഗിക്കാന്‍ വനംവകുപ്പ്‌ തീരുമാനിച്ചു. ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍സ്‌ ഇമേജ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്‌ഥാപനത്തിന്റെ ഡ്രോണ്‍ ക്യാമറയാണ്‌ ആറളം മേഖലയില്‍ തമ്ബടിച്ച കടുവയെ കണ്ടെത്തുന്നതിനായി കൊണ്ടുവരുന്നത്‌. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറാ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നത്‌ കേരളത്തില്‍ ആദ്യമായാണ്‌.

അഞ്ചുകിലോ മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ രാത്രിയിലും സെര്‍ച്ച്‌ ലൈറ്റ്‌ ഉപയോഗിച്ചു തെരച്ചില്‍ നടത്തും. തെര്‍മല്‍ ക്യാമറയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. സ്‌കൈ കോപ്‌റ്റര്‍ എ സിക്‌സ്, കോഡാ കോപ്‌്റ്റ എന്നീ രണ്ടു ഡ്രോണുകളും 40 എക്‌സസസ്‌ ക്യാമറയും തെര്‍മല്‍ ക്യാമറയുമാണ്‌ ഡ്രോണില്‍ ഉപയോഗിക്കുന്നത്‌. മൃഗങ്ങളുടെ ചൂട്‌ തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെര്‍മല്‍ ക്യാമറയിലുണ്ട്‌. കല്യാണ്‍ സോമന്‍ ഡയറക്‌ടറായിട്ടുള്ള ടീമില്‍ മൂന്നംഗ സംഘമാണുള്ളത്‌. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ ഇവര്‍ അടുത്ത ദിവസം ആറളം ഫാമിലെത്തുമെന്നാണ്‌ സൂചന.

Post a Comment

أحدث أقدم
Join Our Whats App Group