Join News @ Iritty Whats App Group

അഞ്ജുവിനെ സാജു ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മ; പലതും മകൾ പറഞ്ഞില്ലെന്ന് അച്ഛൻ അശോകൻ


കോട്ടയം: ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭർത്താവ് സാജു ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മയും അച്ഛൻ അശോകനും. സൗദിയിൽ താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്. മൂത്ത കുട്ടിക്ക് ഒപ്പം അഞ്ജുവിനെ മുറിയിലടച്ച് സാജു മർദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ പറഞ്ഞു. പലതും മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നു അച്ഛൻ അശോകൻ പറഞ്ഞു. അച്ഛനമ്മമാരെ വിഷമിപ്പിക്കേണ്ടെന്ന് മകൾ കരുതിയിരിക്കാം. മകളെയും പേരക്കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണണമെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം എംഎൽഎ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. മൃതദേഹങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. ഇതിനായി അഞ്ജുവിന്റെ അച്ഛൻ അശോകൻ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ കെറ്ററിങിലെ താമസസ്ഥലത്താണ് മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സാജു അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കോട്ടയത്തുള്ള മാതാപിതാക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.

വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിയാണ് നഴ്സ് അഞ്ജു. അഞ്ജുവിന്റെയും സാജുവിന്റെയും മക്കളായ ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരി മകള്‍ ജാന്‍വി എന്നിവരും കൊല്ലപ്പെട്ടു. സാജുവാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. 

പിന്നാലെ അഞ്ജുവിന്‍റെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് ഇന്നലെ പറഞ്ഞിരുന്നു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പറഞ്ഞു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിവില്ല. പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്

Post a Comment

أحدث أقدم
Join Our Whats App Group