കർണ്ണാടക വനത്തിലേക്ക് കടന്നതായി സംശയം
ഇരിട്ടി: ബുധനാഴ്ച ഉച്ചയോടെ മുണ്ടയാം പറമ്പിൽ കണ്ടെത്തുകയും വൈകുന്നേരം 5 മണിയോടെ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത കടുവയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. മുണ്ടയാംപറമ്പ് - ആനപ്പന്തി റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ കടുവ ഉണ്ടെന്ന നിഗമനത്തിൽ പോലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ബുധനാഴ്ച വൈകിട്ട് മുണ്ടയാം പറമ്പിലെ കഞ്ഞിക്കണ്ടത്തെ കൃഷിയിടത്തിൽ നിന്നും വനം വകുപ്പിന്റെ നേരെ ചീറിയടുത്ത് രക്ഷപ്പെട്ട കടുവ തെങ്ങോലയ്ക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്കായിരുന്നു രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ മുണ്ടയാംപറമ്പിലെത്തിയ വയനാട്ടിൽ നിന്നുള്ള വനം ദ്രുത കർമ്മസേനാ സംഘവും പോലീസും കാടുപിടിച്ചു കിടക്കുന്ന ഈ പറമ്പിലെ ഇടിഞ്ഞു പൊളിഞ്ഞ നിലയിലുള്ള കെട്ടിടത്തിൽ കടുവ ഉണ്ടെന്ന ധാരണയിൽ പരിശോധന നടത്തി. തുടർന്ന് വയനാട്ടിൽ നിന്നും എത്തിയ സംഘം സുരക്ഷാ ജാക്കറ്റ് ഉൾപ്പെടെ ധരിച്ച് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇവിടുത്തെ കാട്ടിലേക്ക് കയറി തിരച്ചൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഈ മേഖലയിൽ കടുവ ഇല്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതോടെ ഉണ്ടായി. പിന്നീട് ഈ പ്രദേശത്തു നിന്ന് കടുവ നടന്നു പോയതായി സംശയിക്കുന്ന തെങ്ങോല ഭാഗത്തേക്കുള്ള ആളൊഴിഞ്ഞ പറമ്പുകളിലും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച അഞ്ചുമണിക്ക് ശേഷം കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താനാകാത്തതിനാൽ കർണാടക വനത്തിലേക്ക് കടന്നുപോയതായാണ് അധികൃത സംശയിക്കുന്നത്. എന്നാൽ വ്യക്തമായ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധിക്കുന്ന വിധം തെളിവുകൾ കണ്ടെത്താൻ ആവാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്.
ഇരട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, ആറളം സിഐ വിപിൻദാസ്, കരിക്കോട്ടക്കരി എസ് ഐ പി. അംബുജാക്ഷൻ, എസ് ഐ റെജിമോൻ, കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജില്‍, ഫോറസ്റ്റർ മാരായ എം. ജെ. രാഘവൻ, ടി. എൻ. ദിവാകരൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും വനവകുപ്പ് ധൃതകർമ്മ സേനാംഗങ്ങളും പഞ്ചായത്ത് അധികൃതരും ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു.
ഇതിനിടെ കടുവയെ തുരത്താൻ ഫലപ്രദമായ നടപടി ഉണ്ടാവില്ലെന്ന് കുറ്റപ്പെടുത്തി മുണ്ടംപറമ്പ് ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മിനി വിശ്വനാഥൻ, ബെന്നി പുതിയാമ്പുറം, ബാലകൃഷ്ണൻ പതിയിൽ എന്നിവർ നേതൃത്വം നൽകി.
إرسال تعليق