Join News @ Iritty Whats App Group

അജ്ഞാത നമ്പറില്‍ നിന്ന് മിസ് കോളും മെസേജും; ബിസിനസുകാരന് 50 ലക്ഷം നഷ്ടമായി


ന്യൂഡല്‍ഹി: ഡല്‍ഹിയിൽ 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്. തെക്കന്‍-ഡല്‍ഹി സ്വദേശിയായ ബിസിനസുകാരനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില അജ്ഞാത നമ്പറുകളില്‍ നിന്ന് ഇദ്ദേഹത്തിന് സ്ഥിരമായി മിസ്ഡ് കോളുകള്‍ വരാറുണ്ടായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചില മെസ്സേജുകളും ഇതോടൊപ്പം വന്നിരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടർന്നാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആര്‍ടിജിഎസ് ഇടപാടിലൂടെ ഏകദേശം 50 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ ഡല്‍ഹി പൊലീസിലെ ഐഎഫ്എസ്ഒ വിഭാഗത്തിന് പരാതി നല്‍കി. ഫോണില്‍ സ്ഥിരമായി ചില അജ്ഞാത നമ്പറുകളില്‍ നിന്ന് മിസ്ഡ് കോളുകള്‍ വരുമായിരുന്നു എന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഫോണില്‍ ഒടിപി വന്നിട്ടില്ലെന്നും അത് ആവശ്യപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഇദ്ദേഹം ഉറപ്പിച്ച് പറയുന്നു.

ഇക്കാര്യം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. പണം നഷ്ടപ്പെടുന്നതിന് മുമ്പ് ഒടിപി നമ്പര്‍ ആവശ്യപ്പെട്ട് ആരും പരാതിക്കാരനെ വിളിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സിം സ്വാപിംഗ് എന്ന സാങ്കേതിക വിദ്യയാകാം തട്ടിപ്പ് സംഘം ഇതിനായി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്താണ് സിം സ്വാപിംഗ് എന്ന് നോക്കാം.

എന്താണ് സിം സ്വാപിംഗ്?

നിങ്ങള്‍ പതിവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ സാമ്പത്തിക തട്ടിപ്പിനായി ചില ക്രിമിനലുകള്‍ ഉപയോഗിക്കുന്നതിനെയാണ് സിം സ്വാപിംഗ് എന്ന് പറയുന്നത്. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ നമ്പറുപയോഗിച്ച് പുതിയൊരു സിം ഈ തട്ടിപ്പ് സംഘം നിര്‍മ്മിച്ചെടുക്കുന്നു. പിന്നീട് ആധാര്‍, അക്കൗണ്ട് പിന്‍ നമ്പര്‍ തുടങ്ങി നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ സംഘം തട്ടിയെടുക്കുന്നു.

സിം സ്വാപിംഗിന്റെ സൂചനകള്‍

പതിവില്ലാതെ നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് വ്യത്യസ്തമായ മെസേജുകളും, കോളുകളും വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അവയാണ് സിം സ്വാപിംഗിന്റെ പ്രധാന ലക്ഷണം. ഫോണ്‍ ചെയ്യുമ്പോള്‍ കണക്ട് ആകുന്നില്ലെന്ന് നിങ്ങളെ സ്ഥിരമായി വിളിക്കുന്ന സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ പറയുന്നുണ്ടെങ്കില്‍ അത് നിസ്സാരമായി തള്ളിക്കളയരുത്. ഇവയെല്ലാം ഒരു സാമ്പത്തിക തട്ടിപ്പിലേക്ക് നിങ്ങളെ തള്ളിവിട്ടേക്കാം.

ഇനി നിങ്ങള്‍ ഫോണിൽ വൈഫൈ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ചില ഇമെയില്‍ സന്ദേശങ്ങളും ഫോണിലേക്ക് വരുന്നതാണ്. ചിലപ്പോള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തോന്നുന്ന സാഹചര്യവുമുണ്ടാകും. ഇവയൊക്കെയാണ് സിം സ്വാപിംഗ് നടന്നു എന്നതിന്റെ പ്രധാന സൂചനകള്‍. ഇങ്ങനെയുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ നിയമസഹായം തേടേണ്ടതാണ്.

സിം സ്വാപിംഗിനെതിരെ എന്ത് നടപടി സ്വീകരിക്കണം?

സിം സ്വാപിംഗ് നടന്നുവെന്ന് മനസ്സിലായാല്‍ ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ സിം കട്ട് ചെയ്യുക എന്നതാണ്. തുടര്‍ന്ന് പഴയ നമ്പര്‍ തന്നെ ഉപയോഗിച്ച് പുതിയൊരു സിം എടുക്കുക. അതിന് ശേഷം ബാങ്കിലെത്തി നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കണം. എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് കൃത്യമായി നോക്കണം.

പിന്നീട് നിങ്ങളുടെ ഫോണില്‍ ഉപയോഗിച്ചിരുന്ന എല്ലാ പാസ്‌വേഡുകളും മാറ്റി പുതിയത് നല്‍കണം. എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്‌വേഡ് നല്‍കരുത്. ബാങ്ക് അക്കൗണ്ട്, സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയ്ക്ക് വെവ്വേറെ പാസ്‌വേഡ് നല്‍കുന്നതാണ് ഉചിതം.

Post a Comment

أحدث أقدم
Join Our Whats App Group