Join News @ Iritty Whats App Group

വിഴിഞ്ഞത്ത് അയയാതെ സര്‍ക്കാര്‍; നഷ്ടം അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കും


വിഴിഞ്ഞം സമരക്കാര്‍ക്കെതിരെയുള്ള നിലപാടില്‍ അയയാതെ സര്‍ക്കാര്‍. സമരം മൂലമുണ്ടായ സാമ്പത്തിക നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം.

അതിനിടെ വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആഹ്വാനം ചെയ്ത് ഇന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104-ാം ദിനമാണ്.
വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിനാണ് ഇന്നലെ പ്രദേശം സാക്ഷ്യം വഹിച്ചത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. അതേസമയം, സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോടതി വിധിവരുന്നതു കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഴിന ആവശ്യങ്ങളില്‍ ഒന്നില്‍പോലും രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം.

വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തന്നെ ആഘാതം സൃഷ്ടിക്കുമെന്ന് മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. തുടര്‍ സമര പരിപാടികളുടെ സമയക്രമവും സര്‍ക്കുലറിലൂടെ വിശ്വാസികളെ അറിയിക്കും.

Post a Comment

أحدث أقدم
Join Our Whats App Group